തൃശൂർ : പട്ടികജാതി വികസന വകുപ്പ് വഴി പ്രളയബാധിതർക്ക് നൽകുന്ന ധനസഹായത്തിന് നടപടി പൂർത്തിയായപ്പോൾ വില്ലേജിലെ പ്രളയബാധിത ലിസ്റ്റിൽ ഉൾപ്പെട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി 1,500 ഓളം അപേക്ഷകരെ ഒഴിവാക്കി. വില്ലേജ് വഴി പ്രളയ ദുരിതാശ്വാസം കിട്ടിയവർക്കാണ് ഈ തുക വിതരണം ചെയ്തതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. അതേസമയം വില്ലേജ് തലത്തിൽ തന്നെ അർഹതപ്പെട്ട പലർക്കും സഹായം ലഭിച്ചില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
എന്നാൽ പുറത്താക്കപ്പെട്ട ഭൂരിപക്ഷം പേരും ധനസഹായത്തിന് അർഹതപ്പെട്ടവരാണെന്ന് എസ്.സി, എസ്.ടി വിദ്യാഭ്യാസ സംരക്ഷണ സമിതി ഭാരവാഹികൾ വ്യക്തമാക്കി.
ഇതോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പട്ടികജാതി കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനും നടപടിയായില്ല. ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണം ചെയ്യാതിരുന്നത് തുടക്കത്തിൽ വിവാദം സൃഷ്ടിച്ചിരുന്നു. ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നായി 22,456 അപേക്ഷകളാണ് പട്ടികജാതി വികസന വകുപ്പിന് ലഭിച്ചത്.
പ്രളയം കഴിഞ്ഞ് ആറര മാസം പിന്നീടുമ്പോഴാണ് അവസാന ഗഡു തുക സർക്കാരിൽ നിന്ന് പട്ടികജാതി വികസന വകുപ്പിന് ലഭിച്ചത്. ഇതേത്തുടർന്ന് ആദ്യഘട്ടത്തിൽ 5,355 പേർക്ക് മാത്രമാണ് ധനസഹായം നൽകിയത്. തുടർന്ന് നാലു മാസം കഴിഞ്ഞാണ് ബാക്കിയുള്ളവരിൽ 8,000 ഓളം പേർക്ക് സഹായം നൽകിയത്. ഇപ്പോൾ അവസാന ഘട്ടത്തിൽ 3.30 കോടിയാണ് അനുവദിച്ചത്. ഏറ്റവും കൂടുതൽ അപേക്ഷകൾ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നായിരുന്നു. 3,100 അപേക്ഷകളാണ് ഇവിടെ നിന്ന് ലഭിച്ചിരുന്നത്. അന്തിക്കാട് ബ്ലോക്കിൽ നിന്ന് 2,800 ഉം മതിലകത്ത് നിന്ന് 2,471 അപക്ഷേകളും ലഭിച്ചു. 113 അപേക്ഷകൾ ഉള്ള വടക്കാഞ്ചേരിയാണ് ഏറ്റവും കുറവ്.
ആകെ അനുവദിച്ച തുക
10. 49 കോടി
ആകെ സഹായം ലഭിക്കുന്ന
കുടുംബങ്ങൾ- 20,986
ആകെ ലഭിച്ച അപേക്ഷകൾ
-22,456
അപേക്ഷ തള്ളിയവർ-1,470
60 കുടുംബങ്ങൾ ക്യാമ്പിൽ
ഇരിങ്ങാലക്കുട, കൊടകര, ചേർപ്പ്, മുല്ലശേരി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തുകളിലായി അറുപതോളം പട്ടികജാതി കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
അപേക്ഷകർ എല്ലാവരും അർഹതപ്പെട്ടവർ
പ്രളയാനന്തര ധന സഹായത്തിന് അപേക്ഷകൾ നൽകിയ മുഴുവൻ പേർക്കും തുക നൽകണം. ആറര മാസമായിട്ടും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസം നടപ്പാക്കാൻ നടപടി സ്വീകരിക്കണം.
എം.എ. ലക്ഷ്മണൻ, ഷാജു കിഴക്കൂടൻ, ബാബു.
എസ്.സി, എസ്.ടി വിദ്യാഭ്യാസ സംരക്ഷണ സമിതി ഭാരവാഹികൾ