ഇരിപ്പുറയ്‌ക്കാതെ ഓടുന്ന ആ ബസ് ഇതാ....
സ്വകാര്യ ബസുകളിൽ സീറ്റ് ഒഴിവുണ്ടെങ്കിലും വിദ്യാർത്ഥികളെ ഇരിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി ഫെബ്രുവരി 1ന് പ്രസിദ്ധീകരിച്ച വാർത്താ ചിത്രത്തിലെ ബസ് ഇതാണ്. വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതിനെതിരായ ബസുടമകളുടെ ഹർജി ഈ മാസം 7ന് പരിഗണിക്കുന്നതിനിടെ പത്രവാർത്ത സ്വമേധയാ പരാമർശിച്ച ഹൈക്കോടതി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ട്രാൻസ്‌പോർട്ട് കമ്മിഷണറോട് റിപ്പോർട്ട് തേടിയിരുന്നു. ട്രാൻസ്‌പോർട്ട് കമ്മിഷണറെയും ഡി. ജി.പിയെയും കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്‌തു. തുടർന്ന് 14ന് കേസ് പരിഗണിച്ചപ്പോൾ കേരളകൗമുദി ചിത്രത്തിലെ ബസ് തിരിച്ചറിഞ്ഞോ എന്ന് കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. ചിത്രം പകർത്തിയ കേരളകൗമുദി ഫോട്ടോഗ്രാഫർ തന്നെ വിദ്യാർത്ഥികളുടെ യാത്ര ദുരിതത്തിലാക്കിയ ആ ബസ് കണ്ടെത്തി.