വടക്കാഞ്ചേരി: പ്രസിദ്ധമായ ഊത്രാളി പൂരത്തിന് മൂന്ന് ദേശങ്ങൾക്കും ഊഴമനുസരിച്ച് വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നൽകിയതായി ചീഫ് കോ - ഓർഡിനേറ്റർ സി.എ. ശങ്കരൻ കുട്ടി എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശം ഭാരവാഹികൾ അറിയിച്ചു. 26നാണ് ഊത്രാളി പൂരം പൂരത്തോട് അനുബന്ധിച്ച് 3 ദേശങ്ങളൊരുക്കുന്ന ബഹുനില വർണ്ണ പന്തലുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. വിവിധ ദേശങ്ങളിൽ കലാപൂരങ്ങളുടെ കേളികൊട്ട് ഉയർന്നു കഴിഞ്ഞു.കുമരനെല്ലൂർ ദേശത്തിന്റെ നേതൃത്വത്തിൽ വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഗാനമേള ഇന്നലെ വൈകീട്ട് നടന്നു. പൂരതത്തലേന്ന് 3 വിഭാഗവും ചമയപ്രദർശനം നടത്തും. എങ്കക്കാട് വിഭാഗം ക്ഷേത്രത്തിനു മുൻവശത്തുള്ള തുളസി ഫർണിച്ചർ ഹാളിലും കുമരനെല്ലൂർ ദേശം ഓട്ടുപാറ കുന്നംകുളം റോഡിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലും വടക്കാഞ്ചേരി ദേശം കരുമരക്കാട് ശിവക്ഷേത്ര പരിസരത്തുമാണ് ചമയ പ്രദർശനമൊരുക്കുക. വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ ഏറെ ആഹ്ലാദത്തിലാണ് ദേശക്കാരും പൂരപ്രേമികളും.