ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി ഞായറാഴ്ച്ച നടക്കും. എട്ടാം ദിവസമാണ് ഉത്സവബലി ചടങ്ങുകൾ. ക്ഷേത്രത്തിൽ രാവിലെ പന്തീരടിപൂജയ്ക്ക് ശേഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് താന്ത്രിക മന്ത്രധ്വനികളോടെ ഉത്സവബലി നടക്കുക. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണിവരെ നീണ്ടു നിൽക്കുന്ന ഉത്സവബലി ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.

അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്. ഗുരുവായൂരപ്പന്റെ ഭൂതഗണങ്ങളെ മുഴുവൻ പാണികൊട്ടി മന്ത്രപുരസരം ആവാഹിച്ച് വരുത്തി ബലികൊടുത്ത് തൃപ്തിപ്പെടുത്തുന്നതാണ് ഉത്സവബലി. എല്ലാ ദേവഗണങ്ങൾക്കും പൂജയോടു കൂടി ബലിതൂവും. ഭഗവാൻ ബലിതൂവൽ കണ്ട് സന്തോഷിക്കുന്നു എന്നാണ് സങ്കൽപ്പം. നാലമ്പലത്തിനകത്ത് തെക്കേമുറ്റത്ത് ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തിയ ശേഷം സപ്തമാതൃക്കൾക്ക് ബലി തൂവും. മാതൃക്കൾക്കുള്ള പൂജ കഴിഞ്ഞാൽ ബലിവട്ടത്തിലെ ബലിപീഠങ്ങളിൽ നിവേദ്യം പൂജിക്കും. അതിൽ ഏറ്റവും പ്രധാനം കൊടിമരത്തിൽ സാന്നിദ്ധ്യമുള്ള ഗരുഡസ്വരൂപിയായ വൈനതേയനും, വലിയ ബലിക്കല്ലിൽ സാന്നിദ്ധ്യമുള്ള പന്ത്രണ്ട് ദേവതകൾക്കുമുള്ള പൂജകളുമാണ്.

ഈ പൂജയ്ക്ക് മാത്രമായി ഒരു മണിക്കൂറിലധികം സമയം എടുക്കും. അവസാനത്തെ പൂജ ക്ഷേത്രപാലകനാണ്. പൂജ നടത്തുന്ന ശാന്തിക്കാരും പരിപാലകരും ഓടിക്കൊണ്ട് ക്ഷേത്രം പ്രദക്ഷിണം വെച്ചാണ് ക്ഷേത്രപാലകന് ബലിതൂവുക. ഒപ്പം ഓടുന്ന ആനപ്പുറത്ത് ഗുരുവായൂരപ്പനും ഉണ്ടാകും. ''ക്ഷേത്രപാലകന് പാത്രത്തോടെ'' എന്ന സങ്കൽപ്പമനുസരിച്ച് വലിയ പാത്രത്തോടെയാണ് ക്ഷേത്രപാലകന് പൂജാസമർപ്പണം. ക്ഷേത്രത്തിന്റെ സമഗ്രമായ മേൽനോട്ടം വഹിക്കുന്ന ക്ഷേത്രപാലകന് ബലിതൂവുന്നതോടെയാണ് ഉത്സവബലി ചടങ്ങുകൾക്ക് സമാപനമാകുക.

ഉത്സവബലി ദിവസം രാവിലെ പതിനൊന്ന് മണി മുതലാണ് ഉത്സവബലി ദർശനം. ക്ഷേത്രമതിലകത്ത് എഴുന്നെള്ളിച്ചുവച്ച ഭഗവാനെ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ കൺകുളിർക്കെ കണ്ട് നിർവൃതിയടയും. മുപ്പത്തിമുക്കോടി ദേവന്മാരും ഭഗവത് ദർശനത്തിന് ഈ സമയത്ത് എത്തുമെന്നാണ് സങ്കൽപ്പം. ഇന്നേ ദിവസം എല്ലാ ചരാചരങ്ങൾക്കും അന്നം നൽകി തൃപ്തിപ്പെടുത്താറുമുണ്ട്.

ഈ പുണ്യസമയത്ത് ആരും പട്ടിണി കിടക്കരുത് എന്ന് ഉദ്ദേശിച്ച് പക്ഷിമൃഗാദികൾക്ക് പോലും ഇന്നേ ദിവസം അന്നം നൽകും. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ പേർക്കും വിഭവസമൃദ്ധമായ സദ്യനൽകും. സദ്യക്കായി രാവിലെ നൂറിലധികം ചാക്ക് അരിയുടെ കഞ്ഞിയാണ് തയ്യാറാക്കുക. കൂടാതെ മാമ്പഴം,​ പഴം എന്നിവകൊണ്ട് തയ്യാറാക്കുന്ന വെന്നിയും, മുതിരയും ഇടിയൻ ചക്കയുമുപയോഗിച്ച് തയ്യാറാക്കുന്ന പുഴുക്ക്, പപ്പടം, ചെത്ത് മാങ്ങ എന്നിവയും നൽകും. രാത്രി ചോറ്, കാളൻ, ഓലൻ, എലിശ്ശേരി, പച്ചടി, വറുത്തുപ്പേരി, ചെത്ത് മാങ്ങ, പായസം എന്നിവയോടെയുള്ള വിഭവസമൃദ്ധമായ സദ്യയുമാണ് ഉത്സവബലി ദിനത്തിൽ നൽകുക.....