ചാലക്കുടി: ഒരു പതിറ്റാണ്ടിനകം സംസ്ഥാന സർവീസുകളിൽ 70 ശതമാനവും കൈയ്യടക്കാൻ പ്രാപ്യമാകും വിധം അഭൂതപൂർവമായ മുന്നേറ്റം നടത്താൻ സ്ത്രീകൾക്കായിട്ടും ജീവശാസ്ത്രപരമായ അവസ്ഥയെ ചൂണ്ടിക്കാട്ടി അവരെ മാറ്റിനിറുത്താൻ നടക്കുന്ന ശ്രമങ്ങൾ ദുഃഖരകമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ.
ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ലൈബ്രറി മന്ദിരം, പുതുതായി അനുവദിച്ച കോഴ്‌സുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന പ്രവർത്തനങ്ങളെ തടയുന്നതിനെ മൗലികവാദമായി മാത്രമെ കാണാൻ കഴിയുകയുള്ളൂ. ഏതു മൗലിക വാദവും നാടിനാപത്താണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ, കോളീജിയറ്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.കെ. സുമ, പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ നായർ, നഗരസഭാ കൗൺസിലർമാരായ സുലേഖ ശങ്കരൻ, മോളി പോൾസൺ, ഡോ. സി.സി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.