തൃശൂർ: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശന സ്റ്റാൾ ശ്രദ്ധേയമായി. സർക്കാർ നടപ്പാക്കിയ നിരവധി ക്ഷേമപദ്ധതികളുടെ നേർക്കാഴ്ചയായ ഫോട്ടോപ്രദർശനം നിരവധി സന്ദർശകരെ ആകർഷിച്ചു.

മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ, എം.എൽ.എമാരായ അഡ്വ. കെ. രാജൻ, ബി.ഡി ദേവസി, മുരളി പെരുനെല്ലി, കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ ടി. വി. അനുപമ, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ടി.വി. സുഭാഷ്, തുടങ്ങിയവർ സ്റ്റാൾ സന്ദർശിച്ചു. കേരളം ഒറ്റക്കെട്ടായി മുന്നേറിയ ആയിരം ദിനങ്ങളിൽ സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. നവകേരള നിർമ്മാണവുമായി ബന്ധപ്പെട്ട പുനരുദ്ധാരണ-പുനരധിവാസ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച സർക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികൾ പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങളും ഭരണഘടനയെ പ്രതിപാദിക്കുന്ന ഭരണഘടനയിലേക്ക് ഒരു കിളിവാതിൽ എന്ന പുസ്തകവും സ്റ്റാളിലെത്തുന്ന സന്ദർശകർക്ക് സൗജന്യമായി ലഭിക്കും. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് സ്റ്റാളിന്റെ പ്രവർത്തനം.