kaliyaroad-muttum-viliyum
കാളിയാറോഡ് നേർച്ചയുടെ വിളംബരം അറിയിച്ച് ഉസ്താദ് മുഹമ്മദ് ഹുസൈൻ മുട്ടും വിളിയുമായി എത്തുന്നു.

ചേലക്കര: ചന്ദനക്കുടം നേർച്ചയുടെ വിളംബരം അറിയിച്ച് 53-ാം വർഷത്തിലും മുടക്കം കൂടാതെ മുട്ടും വിളിയുമായി മുഹമ്മദ് ഹുസൈൻ ഉസ്താദും സംഘവും കാളിയാറോഡെത്തി. തന്റെ ഷഹനായിയിലൂടെ മോയിൻകുട്ടി വൈദ്യരുടെ ഇശലുകളും ഒപ്പം തന്നെ ന്യൂ ജനറേഷൻ ഗാനങ്ങളും ആലപിച്ച് നാലാം നാളിലേ പള്ളി അങ്കണത്തിൽ നിന്നും ഉസ്താദും സംഘവും മടങ്ങുകയുള്ളൂ.

പള്ളിയിലേക്ക് ചന്ദനക്കുടം നേർച്ചയുമായി എത്തുന്ന മഹല്ല് കമ്മിറ്റികളെയും യുവജന കമ്മിറ്റികളെയും പള്ളിക്കമ്മിറ്റി ഭാരവാഹികൾ എത്തി മുട്ടും വിളിയുടെ അകമ്പടിയോടെയാണ് പള്ളി ജാറത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നത്. വേഷഭൂഷാദികളാൽ വ്യത്യസ്തത പുലർത്തിയിരുന്ന ഉസ്താതാദും സംഘവും ഇത്തവണ ലളിത വസ്ത്രം ധരിച്ചാണ് എത്തിയത്.

പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്വദേശിയായ ഉസ്താദ് കേരളത്തിലെ പ്രധാന നേർച്ച ആഘോഷത്തിലെ നിറസാന്നിദ്ധ്യമാണ്. ഷഹനായ് എന്ന ചീനി, ഒറ്റ, മുരുശ് ചെണ്ട എന്നീ വാദ്യഉപകരണങ്ങളാണ് മുട്ടും വിളിക്ക് ഉപയോഗിക്കുന്നത്. മൂസ, അബ്ദുറഹിമാൻ, സിദ്ദിഖ്, മുഹമ്മദ് കുട്ടി എന്നിവരാണ് ഉസ്താദിന്റെ സംഘത്തിലുള്ളത്. ചന്ദനക്കുടം നേർച്ചയ്ക്ക് തനിക്ക് കഴിയുന്നകാലം വരെ മുട്ടും വിളിയുമായി കാളിയാറോഡ് എത്തണമെന്നാണ് ആഗ്രഹമെന്നും ഉസ്താദ് പറയുന്നു.