തൃശൂർ: ഡി സോൺ കലോത്സവത്തിൽ കിരീടമുറപ്പിച്ച് സെന്റ് തോമസ് കോളേജിന്റെ മുന്നേറ്റം. കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ 161 പോയിന്റുകളുമായി സെന്റ് തോമസ് ആധിപത്യം തുടരുകയാണ്. 116 പോയിന്റുമായി കൊടകര സഹൃദയ കോളേജും 112 പോയിന്റുകളോടെ തൃശൂർ ശ്രീകേരളവർമ്മ കോളേജും രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. 107 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് തൊട്ടുപിന്നിലുണ്ട്. ഒപ്പന, നാടോടിനൃത്തം, തുള്ളൽ, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളായിരുന്നു ഇന്നലെ കലോത്സവത്തെ സമ്പന്നമാക്കിയത്.

കലോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ ആറു വേദികളും സജീവമായി. പ്രധാന വേദിയായ കേരള സൈന്യത്തിലാണ് കലോത്സവങ്ങളിലെ ആസ്വാദക പ്രിയമേറിയ ഇനങ്ങളിലൊന്നായ ഒപ്പന മത്സരം അരങ്ങേറിയത്. ഇലത്താളത്തിന്റെ അകമ്പടിയിൽ മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ ചടുലമായ ചുവടുകളുമായി മൊഞ്ചത്തിയെ വലംവെച്ച് കൈകൊട്ടി ആടിത്തിമിർക്കുന്ന ഒപ്പനക്കൂട്ടങ്ങൾ കലാ നഗരിയുടെ മനം കവർന്നു.

അവതരണ മികവിനാൽ പോരാട്ടം കടുത്ത ഒപ്പന വേദി ജനപങ്കാളിത്തത്താലും ശ്രദ്ധനേടി. കത്തുന്ന വെയിലും പൊടിക്കാറ്റും നിറഞ്ഞ പ്രതികൂലമായ കാലാവസ്ഥയിലും വേദി നിറഞ്ഞു കവിഞ്ഞ സദസാണ് ഒപ്പന വേദിയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കിയത്. സമാപനദിവസമായ ഇന്ന് മൂകാഭിനയം, സ്‌കിറ്റ്, ചെണ്ടമേളം, കൂടിയാട്ടം തുടങ്ങിയവ അരങ്ങിലെത്തും.