തൃശൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന്റെയും ലാപ്പ്‌ടോപ്പിന്റെയും സംസ്ഥാനതല വിതരണോദ്ഘാടനം 25ന് തൃശൂരിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10.30ന് സാഹിത്യ അക്കാഡമി ഹാളിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിക്കും. 2018 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾക്കുള്ള സ്വർണമെഡൽ വിതരണവും പ്രൊഫഷണൽ കോഴ്‌സ് ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണവും നടക്കും. എട്ടാം ക്ലാസു മുതൽ പ്രൊഫഷണൽ കോഴ്‌സ് വരെയുള്ളവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ജില്ലാതല സ്‌കോളർഷിപ്പ് വിതരണം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. മന്ത്രി എ.സി. മൊയ്തീൻ കാഷ് അവാർഡ് നൽകും. ബോർഡ് ചെയർമാൻ കെ.എം. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. 70 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകുക. 309 കുട്ടികൾക്ക് സ്‌കോളർഷിപ്പിനും മൂന്ന് കുട്ടികൾക്ക് സംസ്ഥാനതലത്തിൽ സ്വർണമെഡലിനും 11 കുട്ടികൾ ജില്ലയിൽ കാഷ് അവാർഡിനും അർഹരായിട്ടുണ്ടെന്ന് ബോർഡ് ഡയറക്ടർ കെ.കെ. പ്രകാശൻ പറഞ്ഞു. സി.എൻ. ജയദേവൻ എം.പി, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ സി.കെ. ചന്ദ്രൻ, വൈസ് ചെയർമാൻ കെ.എം. ജയദേവൻ, കെ.എൻ. വിജയൻ, ഇ.എ. ജോയ് എന്നിവരും പങ്കെടുത്തു...