തൃശൂർ: പനിയും ചുമയും നടുവേദനയും അടക്കമുള്ള എല്ലാ രോഗങ്ങൾക്കുമുള്ള ആയുർവേദചികിത്സ ഇനിയുള്ള അഞ്ചുദിവസം തേക്കിൻകാട് മൈതാനത്തെ പ്രദർശനമേളയിലും ലഭ്യം. 25 ഓളം മരുന്നുകളും ആറ് വീതം ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെ ഇവിടെ സജീവം.
സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി തേക്കിൻകാട് മൈതാനത്തെ ലേബർ കോർണറിൽ ഫെബ്രുവരി 27 വരെ നടക്കുന്ന ജില്ലാതല ആഘോഷ പരിപാടിയുടെ ഭാഗമായാണ് ഭാരതീയ ചികിത്സാവകുപ്പ് പവലിയൻ ഒരുക്കിയിരിക്കുന്നത്. രണ്ട് ഡോക്ടർമാർ ഏതുസമയവും പവലിയനിൽ ഉണ്ടാകും. ചികിത്സ നൽകി ഉടൻ തന്നെ മരുന്നുകളും ലഭിക്കും.
ഔഷധഗുണമുള്ള തടികൊണ്ട് നിർമ്മിച്ച മരുന്നുപെട്ടിയിൽ എൺപതോളം നാട്ടുമരുന്നുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. മരുന്നുകൾ വീര്യവും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും ഉപയോഗിക്കാനും പരമ്പരാഗതമായി ഉപയോഗിക്കുന്ന മരുന്നുപെട്ടിയും കൗതുകം പകരുന്നുണ്ട്. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന ആയുഷ്യം, ദൃഷ്ടി, കരൾരോഗ മുക്തി, കൗമാരഭൃത്യം തുടങ്ങിയ പദ്ധതികളെക്കുറിച്ചുള്ള വിശദവിവരണങ്ങളും അപൂർവ്വയിനം ഔഷധച്ചെടികളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ലക്ഷം രൂപയുടെ മരുന്നുകൾ
ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് പവലിയനിൽ തയ്യാറാക്കിയിരിക്കുന്നത്. ആയുർവേദത്തിന്റെ ഗുണഫലങ്ങൾ നേരിട്ട് പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം ഒരുക്കിയത്. ആയുർവേദ ചികിത്സ സംബന്ധിച്ച എല്ലാവിവരങ്ങളും ഇവിടെ ലഭ്യമാക്കുന്നുണ്ട്.
ഡോ.എസ്.ഷിബു
ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ
നെറ്റിപ്പട്ടങ്ങളും വാൽക്കണ്ണാടിയും
കരകൗശല വസ്തുക്കളുമായി വിയ്യൂർ സെൻട്രൽ ജയിലിന്റെ സ്റ്റാളുമുണ്ട്. കൈ കൊണ്ട് നിർമിച്ച നെറ്റിപ്പട്ടങ്ങൾ, വാൽക്കണ്ണാടി, ജയിൽ അന്തേവാസികൾ വരച്ച പെയിന്റിംഗ്‌സ്, കൈത്തറിയിൽ നിർമ്മിക്കുന്ന ബെഡ് ഷീറ്റ്, മുണ്ട്, ജമുക്കാളം, തോർത്ത്, മരത്തിൽ തീർത്ത പ്രദർശന വസ്തുക്കൾ, ചിരട്ടയിൽ തീർത്ത കരകൗശല വസ്തുക്കൾ, അടുക്കള ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സോപ്പ് നിർമാണ യൂണിറ്റിൽ ഉണ്ടാക്കിയ ഹാൻഡ് വാഷ്, ഡിഷ് വാഷ്, സോപ്പ് പൊടി എന്നിവയും വിൽപ്പനയ്ക്കുണ്ട്. പേപ്പർ നിർമാണ യൂണിറ്റിന്റെ പേപ്പർ ഫയലും, പേപ്പർ ബാഗും ബേക്കറി യൂണിറ്റിലെ കേക്കും കപ്പ് കേക്കും ഇവിടെ ലഭിക്കും. പുറത്ത് നിന്നും ഇൻസ്ട്രക്ടർമാരെ കൊണ്ട് വന്നു 10 മുതൽ 20 ദിവസം വരെ പരിശീലനം കൊടുത്താണ് ജയിൽ അന്തേവാസികൾ ഇവ നിർമ്മിക്കുന്നത്. നെയ്ത്ത് യൂണിറ്റിൽ 50 പേരും ബേക്കറിയിൽ 15 പേരും പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റിൽ അഞ്ച് പേരും കരകൗശല വിഭാഗത്തിൽ അഞ്ച് പേരുമാണ് പ്രവർത്തിക്കുന്നത്. 60 വർഷങ്ങൾക്ക് മുമ്പേ ജയിൽ അന്തേവാസികൾ ഉപയോഗിച്ചിരുന്ന ഓട്ടു പാത്രങ്ങളും പ്രദർശനത്തിലുണ്ട്..