sn-smarak-up-school
സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന നവീന പദ്ധതിയായ സർഗ വിദ്യാലയത്തിന്റെ ഭാഗമായി തൃശൂർ റവന്യൂ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപെട്ട പെരിഞ്ഞനം എസ്.എൻ സ്മാരക.യു.പി.സ്‌കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു.

കയ്പ്പമംഗലം : സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന നവീന പദ്ധതിയായ സർഗ വിദ്യാലയത്തിന്റെ ഭാഗമായി തൃശൂർ റവന്യൂ ജില്ലയിലെ മികച്ച വിദ്യാലയമായി പെരിഞ്ഞനം എസ്.എൻ സ്മാരക യു.പി സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ചീരോച്ചി കൺവെൻഷൻ സെന്ററിൽ നടന്ന സർഗ വിദ്യാലയം സെമിനാർ അവതരണത്തിൽ ജില്ലയിലെ 18 ബി.ആർ.സികളിൽ നിന്നുള്ള വിദ്യാലയങ്ങൾ എത്തിയിരുന്നു. മതിലകം ബി.ആർ.സിയെ പ്രതിനിധീകരിച്ച് പെരിഞ്ഞനം എസ്.എൻ സ്മാരക യു.പി സ്‌കൂളാണ് പങ്കെടുത്തത്. വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പ്രാദേശിക ലൈബ്രറികളിൽ അംഗത്വമെടുത്തതും, രണ്ടായിരത്തിലധികം വായനാക്കുറിപ്പുകൾ തയ്യാറാക്കിയതും, അമ്മവായന പ്രവർത്തനങ്ങൾ വ്യാപകമാക്കിയതും, പ്രാദേശിക വിദഗ്ദ്ധരെ കണ്ടെത്തി ടാലന്റ് ലാബ് പ്രവർത്തനമാരംഭിച്ചതും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഡയറ്റ് തൃശൂർ, സമഗ്ര ശിക്ഷ കേരളം, ഡി.ഡി എഡ്യൂക്കേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സർഗ വിദ്യാലയം അവതരണത്തിലേക്ക് എസ്.എൻ. സ്മാരക യു.പി.സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. മതിലകം ബി.പി.ഒ ടി.എസ്. സജീവൻ മാസ്റ്റർ, ട്രെയിനർ ഹസനുൽ ബെന്ന, പ്രധാന അദ്ധ്യാപിക ഷീല, അദ്ധ്യാപകരായ ടി.വി.വിനോദ് , സ്‌നേഹ , നാടക പ്രവർത്തകൻ പി.കെ. വാസു എന്നിവരാണ് സ്‌കൂളിൽ സർഗാത്മക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്..