കൊടുങ്ങല്ലൂർ: മാർച്ച് 14 മുതൽ അബുദാബിയിൽ ആരംഭിക്കുന്ന സ്പെഷ്യൽ ഒളിമ്പിക്‌സിൽ ബാസ്‌കറ്റ് ബാളിൽ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി അഭിലാഷ് ഇന്ത്യൻ ജഴ്‌സി അണിയും. ജന്മനാലുണ്ടായ വൈകല്യം ഓട്ടിസത്തിന്റെ രൂപത്തിലെത്തിയെങ്കിലും അതിനെ അതിജീവിക്കാൻ സഹായകമായ ജീവിതസാഹചര്യം ഒത്തിണങ്ങിയതിനാലാണ് രാമന്തറ സ്വാമിനാഥൻ തങ്കമണി ദമ്പതികളുടെ മകനായ അഭിലാഷിന് സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ ഇടം കണ്ടെത്താനായത്. നേരത്തെ കാനഡയിൽ നടന്ന ഫ്‌ളോർ ഹോക്കി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിലെ അംഗം കൂടിയാണ് ഈ നാൽപ്പതുകാരൻ.
ഇരിങ്ങാലക്കുട പ്രതീക്ഷാ ട്രെയ്‌നിംഗ് സെന്ററിലെ പരിശീലനത്തിലൂടെയാണ് രാജ്യാന്തര താരമാകുന്നത്. ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കൊരു അഭയകേന്ദ്രം എന്ന നിലയിൽ ആരംഭിച്ച ഇവിടേക്ക് എട്ടാമത്തെ വയസിലാണ് അഭിലാഷെത്തിയത്. തന്റെ വൈകല്യങ്ങളെ അതിജീവിക്കാനുള്ള കരുത്താർജ്ജിച്ചത് അവിടെ നിന്നാണ്. നിലവിൽ പ്രതീക്ഷയിലെ ജീവനക്കാരിലൊരാൾ കൂടിയാണ്. ട്രെയ്‌നിംഗ് സെന്ററിലെ സിസ്റ്റർമാരായ പോൾസി, ഡയാന, കണ്ണിലെ കൃഷ്ണ മണിപോലെ തുണയേകുന്ന കൂടപ്പിറപ്പ് ആശ എന്നിവരുടെ പിന്തുണയാണ് അഭിലാഷിന് കരുത്തായത്. ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സ്‌കൂളിലെ റിട്ട. കായികാദ്ധ്യാപകനും ബാസ്‌കറ്റ് ബാൾ കോച്ചുമായ ചാക്കോ മാഷാണ് പരിശീലനവുമായി ഒപ്പം നിന്നത്. എട്ട് വർഷത്തോളമായി ഈ സ്ഥാപനത്തിലെ കുട്ടികൾക്കൊപ്പം നിന്ന് ദൈവനിയോഗമെന്നോണമാണ് ഇദ്ദേഹം പരിശീലന ദൗത്യം നിർവഹിക്കുന്നത്.
പ്രതീക്ഷയുടെ ടീമിനെ ഈ വിഭാഗത്തിലെ സംസ്ഥാന ചാമ്പ്യന്മാരാക്കാനും ഇദ്ദേഹത്തിനായി. കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക ബാസ്‌കറ്റ് ബാൾ താരം കൂടിയായ അഭിലാഷിന് ഫുട്ബാളിലും നൃത്തവേദിയിലും പ്രതിഭ തെളിയിച്ചയാളാണെന്നും ചാക്കോ മാഷ് സാക്ഷ്യപ്പെടുത്തുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി ഏഴായിരത്തോളം താരങ്ങൾ മാറ്റുരയ്ക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ 27 ന് തിരിക്കും. ഒരാഴ്ച ഡൽഹിയിലെ ക്യാമ്പിന് ശേഷം അബുദാബിയിലേക്ക് തിരിക്കും..