കൊടുങ്ങല്ലൂർ: ക്ഷീരകർഷകരെ സഹായിക്കുന്നതിനായി കൊടുങ്ങല്ലൂർ നഗരസഭ വകയിരുത്തിയ 10 ലക്ഷം രൂപയുടെ പദ്ധതി അവതാളത്തിലാക്കാൻ ക്ഷീരവകുപ്പിൽ നിന്നും മുട്ടൻ പാര. പദ്ധതി നടപ്പിലാക്കാൻ ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ വിസമ്മതിച്ചെന്ന് ആക്ഷേപം. ഉദ്യോഗസ്ഥ ധാർഷ്ട്യമാണിതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും നഗരസഭ ചെയർമാൻ.
ക്ഷീര കർഷകർ ക്ഷീര സംഘത്തിൽ അളക്കുന്ന പാലിന് പ്രതിദിനം ലിറ്ററിന് നാല് രൂപ പ്രകാരം സബ്‌സിഡി നൽകുന്ന പദ്ധതിക്കാണ് കുരുക്ക് വീണത്. ഈ പദ്ധതിക്കായി നഗരസഭ പണം വകയിരുത്തിയിട്ടുണ്ട്. നഗരസഭകൾ ക്ഷീരവികസന മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥയായി സർക്കാർ നിശ്ചയിച്ചിട്ടുള്ള ജില്ലാ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ഈ പദ്ധതി നടപ്പിലാക്കാൻ തനിക്ക് കഴിയില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. ഇത് ചൂണ്ടിക്കാട്ടി നഗരസഭ ജില്ലാ കളക്ടറെ കാര്യങ്ങൾ ധരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസറെ ബന്ധപ്പെടാനാണ് കളക്ടർ നിർദ്ദേശിച്ചതെന്നും കളക്ടർ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയില്ലെന്നും ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. ക്ഷീരകർഷകരുടെ ആനുകൂല്യം സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ അലംഭാവം കാട്ടിയതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ സർക്കാരിന് പരാതി നൽകുവാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
ഇതിനൊപ്പം സാമ്പത്തിക വർഷം അവസാനിക്കാറായ സമയത്ത് നഗരസഭ ഫണ്ട് ലാപ്‌സായി പോകാതിരിക്കുവാനും കർഷകരുടെ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാനും നഗരസഭ സെക്രട്ടറിയെ നിർവഹണ ഉദ്യോഗസ്ഥനായി നിയമിക്കാനും അതുവഴി പദ്ധതി നടപ്പാക്കാനും കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂരിലെ ക്ഷീരവികസന ഓഫീസറുടെ സഹകരണം ഉറപ്പാക്കി, പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന നിശ്ചയത്തിലാണ് കൗൺസിൽ.
പദ്ധതി ഇങ്ങനെ
ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന കർഷകർക്ക് പ്രതിദിനം വരുമാനത്തിൽ വർദ്ധനവ് ഉറപ്പു വരുത്തുന്ന പദ്ധതി. ഇത് പ്രാബല്യത്തിലായാൽ വർഷത്തിൽ പരമാവധി 40,000 രൂപ വരെ ഒരു ക്ഷീര കർഷകന് ലഭിക്കും..
........................
ക്ഷീരകർഷകരെ സഹായിക്കുന്നതിനായി തയ്യാറാക്കിയ ഈ പദ്ധതി നടപ്പിലാക്കുവാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കണം
കെ.ആർ. ജൈത്രൻ
നഗരസഭാ ചെയർമാൻ