തൃശൂർ : ജല അതോറിറ്റി ജീവനക്കാരനായിരിക്കെ ഓഫീസിലെ ചെക്കുമായി കാണാതായ ജീവനക്കാരന്റെ ഭാര്യക്ക് കുടുംബ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. 1990 ഡിസംബർ 20 ന് കാണാതായ ചന്ദ്രശേഖരനെതിരെ 2000 ൽ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചത് എങ്ങനെയാണെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ചോദിച്ചു.

ഒരു വ്യക്തിയെ കാണാതായി ഏഴ് വർഷം കഴിഞ്ഞാൽ മരിച്ചതായി കണക്കാക്കണമെന്നാണ് നിയമമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. അയ്യന്തോൾ പുതൂർക്കര സ്വദേശി ശാന്തകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. ഓഫീസിലുള്ള 56,119 രൂപയുടെയും 3000 രൂപയുടെയും ചെക്കുമായാണ് ചന്ദ്രശേഖരനെ കാണാതായത്. പിന്നീട് ബാങ്കിൽ നിന്നും പണം മാറിയെടുത്തതായി കണ്ടെത്തി. 2000 ഫെബ്രുവരി 29 ലെ തീരുമാനപ്രകാരം 46,357 രൂപ ജലഅതോറിറ്റി എഴുതിത്തള്ളി. ചന്ദ്രശേഖരന്റെ സർവീസ് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഭാര്യ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആനുകൂല്യം നൽകാൻ തീരുമാനിച്ചു. എന്നാൽ ഫിനാൻസ് ഓഫീസർ ആൻഡ് ചീഫ് അക്കൗണ്ടന്റ് ഓഫീസറുടെ ഉത്തരവ് പ്രകാരം ചന്ദ്രശേഖരനെ സർവീസിൽ നിന്നും നീക്കം ചെയ്തതിനാൽ പരാതിക്കാരിക്ക് കുടുംബപെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്. സർവീസിലിരിക്കെ കാണാതായ വ്യക്തിയെ 7 വർഷം കഴിഞ്ഞിട്ടും കണ്ടുകിട്ടിയില്ലെങ്കിൽ മരിച്ചതായി കണക്കാക്കി അവകാശിക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന ജില്ലാകളക്ടറുടെ ഉത്തരവ് പരാതിക്കാരി കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു..