ചാലക്കുടി: സൈക്കിളിൽ ഹെൽമെറ്റ് ധരിച്ച് ഊരുചുറ്റുന്ന ഈ പൊലീസുകാരന്റേത് ഒരു മഹാദൗത്യം. ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യരുതെന്ന സന്ദേശമാണ് കൊല്ലം സ്വദേശി ഷാജഹാന് പറയാനുള്ളത്. ജോലിയിൽ നിന്നും അവധിയെടുത്ത് സന്ദേശവാഹകനായി 1600 കിലോമീറ്റർ ദൂരം താണ്ടുകയാണ് ലക്ഷ്യം.
സിവിൽ പൊലീസ് ഓഫീസറായി താൻ ജോലി ചെയ്യുന്ന കുണ്ടറ സ്റ്റേഷനിൽ നിന്നും ഫെബ്രുവരി പത്തിനാണ് സൈക്കിൾ സവാരി തുടങ്ങിയത്. മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പച്ചക്കൊടി കാട്ടിയതോടെ ആരംഭിച്ച യാത്ര ആദ്യം കൊല്ലം വഴി തിരുവനന്തപുരത്തെത്തി. തിരിച്ച് തീരദേശ റോഡിലൂടെ വടക്കൻ ജില്ലകളിലേക്കും സഞ്ചരിച്ചു.
കാസർകോട് എത്തിയ അമ്പതുകാരനായ ഷാജഹാൻ വീണ്ടും മറ്റൊരു റൂട്ടിലൂടെ മലപ്പുറം, പാലക്കാട് ജില്ലകൾ താണ്ടി ചാലക്കുടിയിലും എത്തിച്ചേർന്നു. ലൈറ്റില്ലാത്തതിനാൽ രാത്രിയിൽ യാത്രയില്ല. എല്ലായിടത്തും താമസ സൗകര്യവും ഭക്ഷണവും പൊലീസ് അസോസിയേഷനാണ് ഒരുക്കുന്നത്. ഇതിനകം നിരവധി സ്വീകരണങ്ങളാണ് സംസ്ഥാനത്തിന്റെ എല്ലായിടത്തും ലഭിച്ചത്.
ഹെൽമെറ്റില്ലാത്ത ബൈക്ക് യാത്രയുടെ ദൂഷ്യങ്ങൾ വിവരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സൗത്ത് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ബി.ഡി. ദേവസ്സി എം.എൽ.എ പൂച്ചെണ്ട് നൽകി ഷാജഹാനെ സ്വീകരിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, ചാലക്കുടി സി.ഐ: ജെ. മാത്യു, ജോയിന്റ് ആർ.ടി.ഒ: കെ.കെ. സുരേഷ്‌കുമാർ, ഫയർ സ്റ്റേഷൻ ഓഫീസർ സി.ഒ. ജോയ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഹെൽമെറ്റില്ലായാത്ര വെല്ലുവിളി
തന്റെ നാട്ടിലെ ഒരു ഡിവൈ.എസ്.പിയുടെ മകൻ ബൈക്ക് അപകടത്തിൽ മരിച്ചത് ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന്റെ ഫലമായിരുന്നു. നിപ ബാധയിൽ നൂറിൽ താഴെ മരണമുണ്ടായപ്പോൾ പ്രതിരോധിച്ചത്, യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു. ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തുണ്ടാകുന്ന മരണം പ്രതിവർഷം രണ്ടായിരത്തോളം വരും. ഇതും സർക്കാർ വെല്ലുവിളിയായി ഏറ്റെടുക്കണം.
-ഷാജഹാൻ, സഞ്ചാരി