തൃശൂർ: ആശുപത്രി ബില്ലടക്കാൻ തെരുവിൽ പിരിവെടുത്തിരുന്ന കൊടകരയിലെ കുടുംബത്തിന് കൈത്താങ്ങായി കൊടുങ്ങല്ലൂരിലെ പൊതുപ്രവർത്തകർ. കൊടകര ചിറവത്തൂർ ചിറ പതിമൂന്നാം വാർഡിൽ താമസിക്കുന്ന കാരുകുന്ന് വീട്ടിൽ സുനിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചാലക്കുടി സെന്റ് ജെയിംസിന് ഹോസ്പിറ്റലിൽ ഡിസ്ചാർജ് ബില്ലടക്കാൻ നിർവാഹമില്ലാതെ വന്നപ്പോളാണ് ഭാര്യ ജയ പത്താം ക്ലാസിൽ പഠിക്കുന്ന രണ്ട് മക്കളെയും കൊണ്ട് ശക്തൻ സ്റ്റാൻഡിൽ ബക്കറ്റ് പിരിവെടുത്തത്.
ഇവരുടെ ഈ ദയനീയ അവസ്ഥ കണ്ട ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സി.ഐ. ബിജു കുമാറാണ് കൊടുങ്ങല്ലൂരിലെ പൊതുപ്രവർത്തകരെ ഈ വിവരം ധരിപ്പിച്ചത്. രാജേഷ് രാമൻ, ഷഹീൻ കെ.മൊയ്തീൻ, സബീർ വാട്ടർ ഡാൻസ്, മുനിസിപ്പൽ കൗൺസിലർമാരായ എം.കെ. സഗീർ, കെ.എം. രതീഷ്, സിനിമാ സംവിധായകൻ ആര്യൻ വിജയ് തുടങ്ങിയവർ ആശുപത്രിയിലെത്തി സോഷ്യൽ മീഡിയ വഴി ഈ വിവരം പങ്കുവച്ചു. ഇതോടെ ഒരു ദിവസം കൊണ്ട് ഡിസ്ചാർജിനാവശ്യമായ തുകയും, ഇവരുടെ കുട്ടികളുടെ തുടർചികിത്സക്കുള്ള തുകയും സുമനസുകൾ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. ആശുപത്രി അധികൃതരോട് സംസാരിച്ച് ഇളവുകൾ വാങ്ങി നൽകി ഇവരെ വീട്ടിൽ എത്തിച്ചിട്ടാണ് സുഹൃത്തുക്കൾ മടങ്ങിയത്.