ചാവക്കാട്: ഏഴായിരം കോടി രൂപ നഷ്ടത്തിലാണെങ്കിലും ഇന്ത്യയിലെ വൈദ്യുത ബോർഡുകളിൽ ഏറ്റവും മെച്ചപ്പെട്ട സേവനം നൽകുന്നത് കെ.എസ്.ഇ.ബിയാണെന്ന് മന്ത്രി എം.എം. മണി. ചാവക്കാട് ബ്ലാങ്ങാട് മാട്ടുമ്മലിൽ കണ്ടയ്നറൈസ്ഡ് സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഉത്പാദനം കേരളത്തിൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ജലവൈദ്യുത പദ്ധതികളാണ് ലാഭകരം. എന്നാൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉന്നയിച്ച് വലിയ എതിർപ്പുകൾ ജല വൈദ്യുത പദ്ധതികൾക്കെതിരെ നിലവിലുണ്ട്. ഇതിനാൽ സോളാർ പോലുള്ള വൈദ്യുത പദ്ധതികളിലൂടെ ഉത്പാദനം മെച്ചപ്പെടുത്താനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.വി. അബ്ദുൾഖാദർ എം.എൽ.എ അദ്ധ്യക്ഷനായി. സി.എൻ. ജയദേവൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ, ചാവക്കാട് നഗരസഭാ അദ്ധ്യക്ഷൻ എൻ.കെ. അക്ബർ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ സി. മുഷ്താഖ് അലി, റസിയ അമ്പലത്ത് വീട്ടിൽ, എം. കൃഷ്ണദാസ്, പി. മുഹമ്മദ് ബഷീർ, എം.പി. ഇക്ബാൽ, കെ.വി. അബ്ദുൽ ഹമീദ്, പി.വി. ബിജു, കെ.എൻ. കലാധരൻ, കുമാരൻ, രാജൻ ജോസഫ്, ഡോ. വി. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.