തൃശൂർ: വാഹന ഇടപാട് രംഗത്തും ലൈസൻസിംഗ് സംവിധാനത്തിലും അഴിമതി തടയാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ വാഹൻ, സാരഥി സോഫ്റ്റ് വെയർ ജില്ലയിൽ രണ്ടു മാസത്തിനുള്ളിൽ പൂർണമായി നടപ്പാക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി.
ഡ്രൈവിംഗ് ലൈസൻസ് ഇടപാടുകൾക്കായുള്ള 'സാരഥി' നടപ്പാക്കി. ലേണേഴ്‌സ് കഴിഞ്ഞവർക്കുള്ള ടെസ്റ്റും മറ്റും ഇതിലൂടെ നടക്കുന്നുണ്ട്. വാഹന രജിസ്‌ട്രേഷൻ സേവനങ്ങൾക്കായുള്ള 'വാഹൻ' ഉടൻ തുടങ്ങും.
വാഹന രജിസ്‌ട്രേഷൻ സേവനങ്ങളും (വാഹൻ) ഡ്രൈവിംഗ് ലൈസൻസ് ഇടപാടുകളും (സാരഥി) ഏകോപിപ്പിച്ച് രാജ്യത്താകെ കേന്ദ്രസർക്കാർ നടപ്പാക്കുന്നതാണ് വാഹൻ, സാരഥി പദ്ധതി. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ മുഖേനയാണ് നടപ്പാക്കുന്നത്.
കേരളത്തിന് പുറമേ മദ്ധ്യപ്രദേശും തെലങ്കാനയും ഒഴികെയുള്ള സംസ്ഥാനങ്ങൾ വാഹൻ, സാരഥി സോഫ്റ്റ്‌വെയറിലേക്ക് മാറിക്കഴിഞ്ഞു. കേരളത്തിൽ ഇരുപതോളം ആർ.ടി ഓഫീസുകളിൽ സാരഥി മാത്രം നടപ്പാക്കിയിട്ടുണ്ട്. വാഹൻ, സാരഥി പൂർണമായി നടപ്പായാൽ ആർ.ടി ഓഫീസുകളിലെ നടപടികളിൽ ഏജന്റുമാരെ അകറ്റിനിറുത്താനാകും. ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കാനും അപേക്ഷയുടെ സ്ഥിതി അറിയാനും കഴിയും. പെർമിറ്റ്, ആർ.സി ബുക്ക് കൈമാറ്റം ചെയ്യുക, രജിസ്‌ട്രേഷൻ പുതുക്കുക തുടങ്ങിയ ജോലികളെല്ലാം ഓൺലൈനിൽ ചെയ്യാം. നിലവിൽ ഓൺലൈനിൽ പണമടച്ചാലും ഒറിജിനൽ രേഖകളുമായി ആർ.ടി ഓഫീസുകളിൽ പോകേണ്ടിവരുന്നുണ്ട്. ഇത് ഒഴിവാകും. രേഖകളെല്ലാം സ്വന്തം കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്യാനും കഴിയും. നിശ്ചിത സമയപരിധിയിൽ ഏൽപ്പിക്കപ്പെട്ട ജോലി ചെയ്യാൻ ഉദ്യാഗസ്ഥരും നിർബന്ധിതരാകും. തിരുവനന്തപുരത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച പരിശീലനം നൽകിവരികയാണ്.
ദേശീയതലത്തിൽ പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെവിടെ നിന്നും ലൈസൻസ് പുതുക്കാനും ലൈസൻസ് കൂട്ടിച്ചേർക്കാനും കഴിയും. അതേസമയം, അടിസ്ഥാന സൗകര്യം ഏർപ്പെടുത്താതെ സോഫ്റ്റ്‌വെയർ ഏർപ്പെടുത്തിയതിന്റെ പ്രശ്‌നങ്ങളുമുണ്ട്.

ഗുണഫലങ്ങൾ:

അപേക്ഷയുടെ സ്ഥിതി കൃത്യമായി അറിയാം

ഉടമസ്ഥൻ അറിയാതെ വാഹനം വിൽക്കാൻ കഴിയില്ല
ഇൻഷ്വറൻസ് തട്ടിപ്പ് നടക്കില്ല

ആർ.ടി ഓഫീസുകൾ കയറിയിറങ്ങേണ്ട
സർക്കാരിലേക്ക് കുടിശ്ശികയുണ്ടെങ്കിൽ വാഹനം കരിമ്പട്ടികയിലാകും. ഇതിന് ഭാവിയിൽ സേവനങ്ങളെല്ലാം തടയും.

......................................

പുതിയ സോഫ്റ്റ് വെയറിലേക്ക് മാറുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങൾ മാത്രമാണുള്ളത്. ലൈസൻസ് ഉടൻ നൽകാനുള്ള സംവിധാനമായിട്ടില്ല. ടോക്കൺ മാത്രമാണ് പ്രിന്റ് ഔട്ട് ആയി നൽകുന്നത്. 'വാഹൻ' സോഫ്റ്റ് വെയർ പരിശീലനം തിരുവനന്തപുരത്ത് തുടങ്ങിയിട്ടുണ്ട്. തൃശൂരിൽ നിന്ന് രണ്ടുപേരെ അത് പരിശീലിക്കാനായി അയയ്ക്കുന്നുണ്ട്.


കെ.എം. ഉമ്മർ (ആർ.ടി.ഒ.)..