ചാലക്കുടി: വിവാദമായ ചാലക്കുടിയിലെ അടിപ്പാതയുടെ നിർമ്മാണം തിങ്കളാഴ്ച പുനരാരംഭിക്കും. കോടതി ജംഗ്ഷനിലെ വെഹിക്കിലാർ അണ്ടർ പാസേജിന്റെ മുടങ്ങിക്കിടക്കുന്ന നിർമ്മാണമാണ് വീണ്ടും ആരംഭിക്കുന്നത്. യൂണിക്, ടി.ബി.എൽ എന്നീ കൺസ്ട്രക്‌ഷൻ കമ്പനികൾ ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. യന്ത്ര സാമഗ്രികളെല്ലാം സ്ഥലത്തെത്തുകയും ചെയ്തു.
ആറു മാസത്തിനകം അടിപ്പാത പ്രാവർത്തികമാക്കാമെന്നാണ് കമ്പനിക്കാർ പറയുന്നത്. ഇവർക്കായിരുന്നു മുരിങ്ങൂർ ഡിവൈൻ നഗർ അടിപ്പാതയുടെ നിർമ്മാണ ചുമതല. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത വാർത്ത തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
മേയ് 31നുള്ളിൽ അടിപ്പാതാ നിർമ്മണം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. ബി.ഡി. ദേവസ്സി എം.എൽ.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബന്ധപ്പെട്ട നിർമ്മാണ കമ്പനി അണ്ടർ പാസേജിന്റെ നിർമ്മാണത്തിനായുള്ള പരിഷ്‌കരിച്ച പ്രോഗ്രാം നാഷണൽ ഹൈവേ അതോറിറ്റിക്ക് നേരത്തെ സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ദേശീയപാതാ അതോറിറ്റിക്കാണ് അണ്ടർ പാസേജിന്റെ നിർമ്മാണച്ചുമതല. സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഇതെന്ന കാരണത്താലാണ് നിർമ്മാണം വൈകുന്നതെന്ന് ബി.ഡി. ദേവസി എം.എൽ.എ പറഞ്ഞു.
പുതിയ കൺസ്ട്രക്‌ഷൻ കമ്പനി ഉദ്യോഗസ്ഥർ ശനിയാഴ്ച സ്ഥലം സന്ദർശിച്ചു. എം.എൽ.എയ്ക്കു പുറമെ നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
..................................................
ആവശ്യവും ചരിത്രവും
ചാലക്കുടി മാള റോഡിലെ സിഗ്‌നൽ സംവിധാനം നിറുത്തലാക്കാനായാണ് അടിപ്പാത നിർമ്മിക്കുന്നത്. നാലുവരിപാത പ്രാബല്യത്തിൽ വന്നകാലം മുതൽ മുനിസിപ്പൽ ജംഗ്ഷനിൽ അപകടങ്ങളും അപകട മരണങ്ങളും പതിവായി മാറിയിരുന്നു. ഇതേത്തുടർന്നാണ് സിഗ്‌നൽ സംവിധാനം മാറ്റി അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നത്.
സ്‌കിൽഡ് എന്ന കൺസ്ട്രക്‌ഷൻ കമ്പനിക്കായിരുന്നു കെ.എം.സി കമ്പനി നേരത്തെ നിർമ്മാണ ചുമതല നൽകിയിരുന്നത്. സർവീസ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ച പ്രവർത്തനങ്ങൾ നാലുമാസം മുമ്പ് നിലക്കുകയായിരുന്നു. അടിത്തറയ്ക്കു വേണ്ട പ്രാഥമിക ഒരുക്കങ്ങൾ നടത്തുന്നതിനിടെയായിരുന്നു സ്തംഭനം. കമ്പനിയുടെ സാമ്പത്തിക പ്രശ്‌നമാണ് ഇതിനു കാരണമത്രെ. അതിനുമുമ്പ് റോഡിലെ ഗർത്തം ഇടിഞ്ഞത് വിവാദമായിരുന്നു.