guruvayur-temple

ഗുരുവായൂർ: ക്ഷേത്രോത്സവം ഒമ്പതാം ദിനമായ നാളെ ക്ഷേത്രത്തിൽ പള്ളിവേട്ട ചടങ്ങുകൾ നടക്കും. ഗുരുവായൂരപ്പൻ ഗ്രാമപ്രദക്ഷിണത്തിനും ദുഷ്ടനിഗ്രഹത്തിനുമായി ക്ഷേത്രമതിലകം വിട്ട് പുറത്തിറങ്ങുന്ന ദിവസമാണ് പള്ളിവേട്ട. വൈകിട്ട് ഗുരുവായൂരപ്പനെ സ്വർണ്ണപ്പഴുക്കാ മണ്ഡപത്തിൽ കൊടിമരത്തറയ്ക്കൽ എഴുന്നള്ളിച്ച് വെയ്ക്കും. തുടർന്ന് ദീപാരാധന നടത്തിയ ശേഷമാണ് ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേയ്ക്ക് എഴുന്നള്ളിക്കുക.

വർഷത്തിൽ രണ്ട് തവണ മാത്രമാണ് ഗ്രാമപ്രദക്ഷിണത്തിനായി ഗുരുവായൂരപ്പൻ പുറത്തേക്ക് എഴുന്നള്ളുന്നത്. ദീപാരാധന കഴിഞ്ഞ് ഗജവീരന്മാരുടേയും പാണ്ടിമേളത്തിന്റേയും, വാളും പരിചയും ഏന്തിയ കൃഷ്ണനാട്ടം കലാകാരൻമാരുടേയും അകമ്പടിയിലാണ് പുറത്തേയ്ക്ക് എഴുന്നള്ളുക. തുടർന്ന് കുള പ്രദക്ഷിണം നടത്തി, കിഴക്കേ ഗോപുരം വഴി തന്നെ അകത്തേയ്ക്ക് പ്രവേശിക്കും. ഗ്രാമപ്രദക്ഷിണത്തിനിറങ്ങുന്ന ഗുരുവായൂരപ്പനെ വഴിനീളെ ഭക്തജനങ്ങൾ നിറപറവെച്ച് സ്വീകരിക്കും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തി മേളം അവസാനിച്ചതിന് ശേഷം ഗുരുവായൂരപ്പനെ പിടിയാനപ്പുറത്ത് പള്ളിനായാട്ടിനായി എഴുന്നള്ളിക്കും.

പിടിയാനപ്പുറത്ത് എഴുന്നള്ളിച്ച് ക്ഷേത്രത്തിന് പുറത്ത് കല്യാണമണ്ഡപത്തിന് അടുത്ത് ചെന്ന് നിന്നതിന് ശേഷം മാരാർ മൂന്ന് തവണ ശംഖ് വിളിക്കും. തുടർന്ന് ആചാരക്രമം അനുസരിച്ച് പുതിയേടത്ത് പിഷാരടി മൂന്ന് പ്രാവശ്യം ''മാനുഷങ്ങൾ ഹാജരുണ്ടോ'' എന്ന് വിളിച്ചു ചോദിക്കും. അതോടുകൂടി വിവിധ പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞ ഭക്തജനങ്ങൾ കൂട്ടത്തോടെ ആർപ്പുവിളിച്ച് ക്ഷേത്രത്തിനകത്തേക്ക് ഓടും. തൊട്ട് പിറകിലായി ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ പിടിയാനയും ഓടും. ക്ഷേത്രത്തിനകത്ത് ഒമ്പത് പ്രദക്ഷിണം പൂർത്തിയാക്കിയശേഷം ഭഗവാൻ വേട്ടയാടി പിടിച്ചുവരുന്ന മൃഗത്തെയെന്ന് സങ്കൽപ്പിച്ച് പന്നിവേഷം കെട്ടിയ ദേവസ്വം പ്രതിനിധിയെ തണ്ടിൽക്കെട്ടി ഏറ്റിക്കൊണ്ടുപോകും. ഇതോടെ പള്ളിവേട്ട ചടങ്ങുകൾക്ക് സമാപനമാകും. തുടർന്ന് ഗുരുവായൂരപ്പനെ ക്ഷേത്രത്തിനകത്തേക്ക് പള്ളിയുറക്കത്തിനായി എഴുന്നള്ളിക്കും.