ഗുരുവായൂർ: എട്ടാം വിളക്ക് ദിവസമായ ഇന്ന് ക്ഷേത്രത്തിൽ പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി നടക്കും. ഇന്ന് രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് താന്ത്രികമന്ത്ര ധ്വനികളോടെ ഉത്സവബലി നടക്കുക. രാവിലെ പത്തുമുതൽ വൈകിട്ട് നാല് മണിവരെ നീണ്ടു നിൽക്കുന്ന ഉത്സവബലി ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുക. ഗുരുവായൂരപ്പന്റെ ഭൂതഗണങ്ങളെ മുഴുവൻ പാണികൊട്ടി മന്ത്രപുരസ്സരം ആവാഹിച്ച് വരുത്തി ബലികൊടുത്ത് തൃപ്തിപ്പെടുത്തുന്നതാണ് ഉത്സവബലി. ക്ഷേത്രത്തിന്റെ സമഗ്രമായ മേൽനോട്ടം വഹിക്കുന്ന ക്ഷേത്രപാലകന് ബലിതൂകുന്നതോടെയാണ് ഉത്സവബലി ചടങ്ങുകൾക്ക് സമാപനമാകുക. ഇന്ന് രാവിലെ പതിനൊന്ന് മണി മുതലാണ് ഉത്സവബലി ദർശനം. മുപ്പത്തിമുക്കോടി ദേവന്മാരും ഭഗവത്ദർശനത്തിന് ഈ സമയത്ത് എത്തുമെന്നാണ് സങ്കൽപ്പം. ഈ പുണ്യസമയത്ത് ദേശത്താരും പട്ടിണി കിടക്കരുത് എന്ന് ഉദ്ദേശിച്ച് പക്ഷിമൃഗാദികൾക്കുപോലും ഇന്നേ ദിവസം അന്നം നൽകിവരുന്നുണ്ട്. ഇന്ന് ക്ഷേത്രത്തിലെത്തുന്ന മുഴുവൻ പേർക്കും വിഭവസമൃദ്ധമായ സദ്യനൽകും. സദ്യക്കായി രാവിലെ നൂറ് കണക്കിന് ചാക്ക് അരിയുടെ കഞ്ഞിയാണ് തയ്യാറാക്കുന്നത്.