പട്ടിക്കാട്: ഒളകര ആദിവാസി കോളനിയിൽ ആദിവാസികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം 8 പേർ ജില്ലാ ആശുപത്രിയിൽ. കോളനി നിവാസികളായ രതീഷ് (32 ) ചന്ദ്രിക (33 ), ഇന്ദിര (42 ) , രജിത (42 ), ബിന്ദു (32 ), സുധ (29 ), സുബീഷ് (26 ), സുഭാഷ് (25 ), അനീഷ് (26), സന്ദീപ് (26 ), പീച്ചി റേഞ്ച് ഓഫീസർ എൻ.കെ അജയഘോഷ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജയദേവൻ, സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ..
വനഭൂമിയിൽ അട്ടിൻകൂട് കെട്ടിയതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. വനഭൂമി കൈയേറിയതിന്റെ പേരിൽ ആദിവാസിയായ രതീഷിനെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്യുകയും തുടർന്ന് ആട്ടിന്കൂട് പൊളിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ആദിവാസികളും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം ഉണ്ടായി. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട രതീഷിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിച്ചു. തുടർന്ന് കെ. രാജൻ എം.എൽ.എയുടെ നേതൃത്വത്തിൽ പീച്ചി വൈൽഡ് ലൈഫ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടക്കുകയും രതീഷിനെ വിട്ടയക്കാൻ തീരുമാനിക്കുകയുമായിരുന്നു.