പെരിങ്ങോട്ടുകര : പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്ര ശതാബ്ദി മഹോത്സവം ഇന്ന് നടക്കും. ജാതിമതഭേദമന്യേ ദേശത്തിന്റെ വികാരമായി ആഘോഷിച്ചുവരുന്ന സോമശേഖര പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ശതാബ്ദി കെങ്കേമമാക്കുന്നതിനുള്ള ആവേശത്തിലാണ് ഏഴ് ദേശക്കാരും.
ക്ഷേത്രപ്രതിഷ്ഠയുടെ നൂറാം വർഷത്തോടനുബന്ധിച്ച് നടന്നുവന്നിരുന്ന വിശ്വശാന്തി മഹായജ്ഞം ശനിയാഴ്ച സമാപിച്ചു. യജ്ഞത്തിന് ശേഷം വൈകീട്ട് 4ന് തൃപ്രയാർ കിഴക്കേനട സരയൂതീരത്ത് നിന്നും ദിവ്യരഥ ഘോഷയാത്രയും തുടർന്ന് ക്ഷേത്രത്തിൽ അഭിഷേകങ്ങളും യതിപൂജയും നടന്നു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികളും, ശ്രീനാരായണാശ്രമം സെക്രട്ടറി ബ്രഹ്മസ്വരൂപാനന്ദ സ്വാമികളും യജ്ഞത്തിന് നേതൃത്വം നൽകി.
ഉത്സവദിവസമായ ഞായറാഴ്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പ് നടക്കും . വൈകീട്ട് 4ന് ഏഴ് ദേശങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകൾ ക്ഷേത്രാങ്കണത്തിൽ കൂട്ടിയെഴുന്നെള്ളിക്കും. കേരളത്തിലെ തലയെടുപ്പുള്ള ഏഴ് ഗജവീരന്മാരെയാണ് ഇത്തവണ ഉത്സവത്തിനെത്തുന്നത്. ഊട്ടോളി അനന്തൻ (വടക്കുംമുറി), ചെർപ്പുളശ്ശേരി രാജശേഖരൻ (കിഴക്കുംമുറി), ഊക്കൻസ് കുഞ്ചു (ചാഴൂർ-കുറുമ്പിലാവ്), മംഗലാംകുന്ന് അയ്യപ്പൻ (ആലപ്പാട്-പുള്ള്-പുറത്തൂർ), ചിറയ്ക്കൽ കാളിദാസൻ (താന്ന്യം), ശ്രീവിജയം കാർത്തികേയൻ (കിഴുപ്പിള്ളിക്കര), പുതുപ്പള്ളി സാധു (മൂത്തേടത്തറ) എന്നീ ആനകളാണ് ദേശക്കമ്മിറ്റികളുടെ കോലമേന്തുന്നത്.
വൈകീട്ട് നാലിനുള്ള എഴുന്നള്ളിപ്പിന് കാക്കനാട്ട് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ 200ൽപരം കലാകാരന്മാരുടെ പാണ്ടിമേളവും, തിങ്കളാഴ്ച പുലർച്ചെയുള്ള കൂട്ടിയെഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 200ൽപരം മേളകലാകാരന്മാരുടെ പാഞ്ചാരിമേളവും കൊഴുപ്പേകും. വൈകീട്ട് 6.30നും തിങ്കളാഴ്ച പുലർച്ചെ 4നും ഗവൺമെന്റ് അനുമതിയോടെയുള്ള നയനാനന്ദകരമായ വെടിക്കെട്ട് നടക്കും. തിങ്കളാഴ്ച രാവിലെ നടക്കുന്ന ആറാട്ടോടെ ഈ വർഷത്തെ ഉത്സവം കൊടിയിറങ്ങും.
ഉത്സവ വെടിക്കെട്ടിന് അനുമതി
പെരിങ്ങോട്ടുകര : സോമശേഖര ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് 6.30നും തിങ്കളാഴ്ച പുലർച്ചെ 4നും നടക്കുന്ന വെടിക്കെട്ടിന് സർക്കാർ അനുമതി ലഭിച്ചു. സോമശേഖര ക്ഷേത്രത്തിലെ വെടിക്കെട്ട് ആസ്വദിക്കുവാനായി ആയിരങ്ങളാണ് ഓരോ വർഷവും എത്താറുള്ളത്. അനിശ്ചിതാവസ്ഥയിലായിരുന്ന വെടിക്കെട്ടിനുള്ള അനുമതി അവസാന നിമിഷം ലഭിച്ചതിന്റെ അവേശത്തിലാണ് ഉത്സവപ്രേമികൾ...