പാവറട്ടി : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയം ചിത്രീകരിക്കുന്ന ഹ്രസ്വചിത്രം 'കൂട്ടമണി ' ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച വാക മാലതി യു.പി സ്‌കൂൾ മാതൃകയാണെന്നും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഈ ഹ്രസ്വചിത്രം പ്രദർശിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വാക മാലതി യു.പി സ്‌കൂളിൽ 'കൂട്ടമണി ' ഹ്രസ്വചിത്രത്തിന്റെ സി.ഡി പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ ചെയ്യേണ്ട ദൗത്യം സ്വയം ഏറ്റെടുത്ത സ്‌കൂൾ അധികൃതരെ മന്ത്രി അഭിനന്ദിച്ചു. സ്‌കൂളിന്റെ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തന മികവ് പരിഗണിച്ച് പാരിതോഷികമായി അഞ്ച് മാസത്തിനകം സ്‌കൂൾ ഹൈടെക് ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 'കൂട്ടമണി 'നിർമ്മിച്ച അദ്ധ്യാപികമാരായ ഷംന, നിഷ, സംവിധായകൻ ബാബു വാക, തിരക്കഥാകൃത്ത് ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട് എന്നിവരെ ആദരിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക മുഖ്യാതിഥിയായി. ടി.എസ്. ഷാജു, ടി.ഡി. സുനിൽ, ആലീസ് പോൾ, കെ.ഒ. ബാബു, ടി.ആർ. ലീല, പി.ടി.എ പ്രസിഡന്റ് മുജീബ് റഹ്മാൻ, ഒ.എസ്.എ പ്രസിഡന്റ് കെ.എം. പരമേശ്വരൻ, എം.ആർ. രജിതൻ, സി.ഡി. ആന്റോ, കെ.ആർ. പ്രജോഷ്, എ.എച്ച്. കബീർ, എ.ഇ.ഒ ബീന, മാനേജർ കെ.എ. വാസന്തി, പ്രധാന അദ്ധ്യാപിക എം.എൽ. പൗളി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ' കൂട്ടമണി ' പ്രദർശിപ്പിച്ചു. സ്വകാര്യ സ്‌കൂളുകൾ പെരുകിയതോടെ പൂട്ടലിന്റെ വക്കിലായ മാലതി സ്‌കൂളിന് താങ്ങായി അദ്ധ്യാപകരും പഞ്ചായത്ത് അംഗങ്ങളും പൂർവ വിദ്യാർത്ഥികളും മാനേജ്മെന്റും നാട്ടുകാരും കൈകോർത്ത് 'കൂട്ടമണി" ചിത്രീകരിച്ചത് സംബന്ധിച്ച് കഴിഞ്ഞ മേയ് 14ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 75,000 ഓളം രൂപ മുടക്കി നാല് മാസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.