തൃശൂർ: പ്രളയാനന്തര കേരളത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ ലക്ഷണങ്ങളുമായി വരണ്ടുണങ്ങുന്ന കാടും വറുതിയിലായ കടലോരവും. നാടും നഗരവും ചുട്ടുപൊള്ളുമ്പോൾ സൂര്യാഘാത ഭീതിയുമുയരുന്നു. കാട്ടുതീ വനമേഖലയുടെ ആവാസ വ്യവസ്ഥ തകിടം മറിക്കുന്നതിനാൽ തന്നെ വനം വകുപ്പ് കനത്ത ജാഗ്രതയിലാണ്. കുടിവെള്ളത്തിനും തീറ്റയ്ക്കുമായി കാട്ടാന ഉൾപ്പെടെ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങുമെന്ന ഭീഷണിയും ഉയരുന്നു. കാട്ടുതീ ദുരന്ത പശ്ചാത്തലത്തിൽ കാടുകളിൽ ട്രക്കിംഗ് നിരോധിച്ചിട്ടുണ്ടെന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ വനം വകുപ്പ് തയ്യാറാക്കിയ കാട്ടുതീക്ക് സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സംസ്ഥാനത്തെ ഭൂരിഭാഗം ഫോറസ്റ്റ് ഡിവിഷനുകളും ഉൾപ്പെടുന്നുണ്ട്. കാട്ടുതീ തടയാൻ വനം ഡിവിഷനിലും റേഞ്ചുകൾ കേന്ദ്രീകരിച്ചും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വയർലെസ് സംവിധാനവും ഒരുക്കി. ഉപഗ്രഹ നിയന്ത്രിത സംവിധാനം വഴി കാട്ടുതീ നിയന്ത്രിക്കാൻ നിർദേശം ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുന്നുണ്ട്.

എവിടെ തീ ഉണ്ടായാലും അതിന്റെ പൂർണവിവരം ഇന്റർനെറ്റ് വഴി അതത് ഡിവിഷനുകളിൽ നൽകും. ഫയർ വാച്ചർമാരുടെ നിയമനം, ഫയർലൈൻ സ്ഥാപിക്കൽ, വനാന്തർഭാഗത്തെ കോളനികൾ കേന്ദ്രീകരിച്ച് ആദിവാസി യുവാക്കൾക്ക് ബോധവത്കരണവും പരിശീലനവും നൽകൽ, നിരന്തര പട്രോളിംഗ്, നിരീക്ഷണം, രഹസ്യ വിവരശേഖരണം എന്നിവയും നടക്കുന്നുണ്ട്. മേയ് 31 വരെയാണ് ഫയർ സീസണായി കണക്കാക്കുന്നത്.

മീൻവില മേലോട്ട്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മത്സ്യ ലഭ്യത കുറയുന്നതിനാൽ മീനുകൾക്ക് വൻവില. ചൂട് കൂടുന്നതിനും മഴ കുറയുന്നതിനും കാരണമായ എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ മത്തി അടക്കമുള്ള മീനുകൾ കേരളതീരത്ത് കുറയുന്നതായാണ് ഗവേഷകരുടെ നിഗമനം. ഇതര സംസ്ഥാനങ്ങളിലും മത്സ്യലഭ്യത കുറഞ്ഞതോടെ ഇറക്കുമതി കുറഞ്ഞു. കിലോഗ്രാമിന് 80 മുതൽ 100 രൂപ വരെ ഉണ്ടായിരുന്ന മത്തിയുടെ വില 180 വരെയെത്തി.

അയലയും 200 രൂപയായി. മാന്തൾ അടക്കമുള്ള ചെറുമീനുകൾക്ക് പോലും വില ഉയർന്നു. ആവോലി അടക്കമുള്ളവയും വളരെ കുറവാണ്. മത്സ്യത്തൊഴിലാളികളും മാസങ്ങളായി വറുതിയിലാണ്. വിദേശ മത്സ്യബന്ധന ബോട്ടുകളുടെ കടന്നുകയറ്റവും അശാസ്ത്രീയമായ രീതിയിൽ ചെറിയ കണ്ണിവല ഉപയോഗിക്കുന്നതും തിരിച്ചടിയായെന്ന് പറയുന്നു.

സൂര്യാഘാത ഭീതിയിൽ

കുന്നംകുളത്ത് കർഷകൻ വയലിൽ മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വേനലിന്റെ ആഘാതം വ്യക്തമായി. ചൊവ്വന്നൂർ പന്തല്ലൂർ പുങ്ങാട് വീട്ടിൽ മാധവൻ (80) മരിച്ചത് സൂര്യാഘാതമേറ്റ് ജലാംശം നഷ്ടപ്പെട്ടപ്പോഴുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റിരുന്നു. വെയിലേറ്റ് ശരീരം പൊള്ളുകയും ചൂടു കൂടിയപ്പോൾ ജലാംശം നഷ്ടപ്പെട്ട് രക്തത്തിന്റെ സാന്ദ്രത കൂടി ഹൃദയാഘാതമുണ്ടാകുകയായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ശരീരത്തിനകത്തെ ചൂട് 40 ഡിഗ്രിയിൽ കൂടുതൽ ഉയർന്നതായും സൂചനയുണ്ടായി. കനത്ത ചൂടിൽ പുറത്തു പോകുന്നവർ ഹൃദയാരോഗ്യം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.