ecotourism
ചിറ്റണ്ട ചെറുചക്കി ചോല ഇക്കോടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ .സി മൊയ്‌ദീൻ നിർവ്വഹിക്കുന്നു

എരുമപ്പെട്ടി: പ്രകൃതിയെ സംരക്ഷിച്ചുള്ള പദ്ധതികളാണ് ഇക്കോ ടൂറിസത്തിൽ നടപ്പിലാക്കുകയെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ചിറ്റണ്ട ചെറുചക്കിച്ചോല ഇക്കോ ടൂറിസം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതോടൊപ്പം വനം സംരക്ഷിക്കുകയെന്നതും പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു. പ്രകൃതിക്ക് രൂപമാറ്റം വരുത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പകരം കൂടുതൽ മരങ്ങൾ നട്ട് പിടിപ്പിച്ച് പച്ചപ്പ് നിലനിറുത്തുക എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. വനസംരക്ഷണം തങ്ങളുടെ കർത്തവ്യമായി ഒരോ വ്യക്തിയും ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വനം വന്യജീവി വകുപ്പിന് കീഴിൽ ഫോറസ്റ്റ് വടക്കാഞ്ചേരി റേഞ്ച് പൂങ്ങോട് സ്റ്റേഷന്റെയും വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മന്ത്രി എ.സി. മൊയ്തീന്റെ ഇടപെടലിനെ തുടർന്നാണ് കേരള ഇക്കോ ടൂറിസം പദ്ധതിയിൽ ചെറുചക്കി ചോലയെ ഉൾപ്പെടുത്തിയത്. പദ്ധതിക്കായി നാല് കോടി രൂപയുടെ പ്രൊജക്ട് റിപ്പോർട്ട് കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.

പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി വനംവകുപ്പ് അനുവദിച്ച 17 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിക്കുന്നത്. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ കല്ല്യാണി എസ്. നായർ, ജില്ലാ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഐ.എഫ്.എസ് കുറ ശ്രീനിവാസ് , വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. സെൽറ്റോയിൽ മാറോക്കി, എരുമപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻ കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ. കബീർ, പ്രീതി സതീഷ്, പി.എം. ഷൈല തുടങ്ങിയവർ സംസാരിച്ചു.