എരുമപ്പെട്ടി: സംസ്ഥാനത്ത് 141 സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. വേലൂർ ഗവ. ആർ.എസ്.ആർ.വി ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക സാഹചര്യം മാത്രമല്ല അദ്ധ്യാപകരെയും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തും. മികച്ച അദ്ധ്യാപകരുടെ സേവനമാണ് സർക്കാർ സ്‌കൂളുകളിൽ ലഭിക്കുന്നത്. സ്‌കൂളുകളുടെ പ്രവർത്തന മികവ് വീടുകളിലേക്ക് എത്തണമെന്നും പൊതുജന പങ്കാളിത്തത്തോടെ കേരളത്തിലെ മുഴുവൻ സ്‌കൂളുകളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഒരു കോടി രൂപ ചെലവഴിച്ച് നടത്തുന്ന സ്‌കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷെർളി ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്. നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. അബ്ദുൾ റഷീദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശുഭ അനിൽകുമാർ, സ്വപ്ന രാമചന്ദ്രൻ, ടി.ആർ. ഷോബി എന്നിവർ സംസാരിച്ചു.