സി.ജി. ജനാർദ്ദനൻ സ്മാരക അവാർഡ് കെ.എ ഉണ്ണിക്കൃഷ്ണൻ ഏറ്റുവാങ്ങി
ചാലക്കുടി: സ്വാമി വിശുദ്ധാനന്ദ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീക്ക് അർഹനായത് ഗുരുദേവ നിയോഗത്താലാണെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ. സ്വാമികൾക്ക് സ്വീകരണം നൽകുന്നതിനും മുൻ എം.എൽ.എ സി.ജി. ജനാർദ്ദനൻ പുരസ്‌കാരം എസ്.എൻ.ഡി.പി ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണന് സമ്മാനിക്കുന്നതിനും സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗവും ധർമ്മസംഘവും രണ്ടല്ല, ഇപ്പോൾ ഒരേ പാതയിലാണ്. അതിന് വഴിയൊരുക്കുന്നതിൽ സ്വാമി വിശുദ്ധാനന്ദ വഹിച്ച പങ്ക് ചെറുതല്ല. പേര് പോലെത്തന്നെ വിശുദ്ധ പ്രവർത്തനവും ജീവിതവും നയിക്കുന്ന സന്യാസി വര്യനാണ് സ്വാമികൾ. ഇതിന്റെയെല്ലാം ഫലമായി സ്വാമി തൃപ്പാദങ്ങൾ ചൊരിഞ്ഞ കൃപയാണ് വിശുദ്ധാനന്ദ സ്വാമികളുടെ ശിരസിൽ ദേശീയ പുരസ്‌കാരമായി ചാർത്തപ്പെട്ടത്. ഗുരുദേവന്റെ പ്രതിനിധിയായ സ്വാമികൾക്കുള്ള അംഗീകാരം എല്ലാ ശ്രീനാരായണീയർക്കുമുള്ള ബഹുമതിയാണെന്നും ഡോ. സോമൻ കൂട്ടിച്ചേർത്തു. എസ്.എൻ.ജി ട്രസ്റ്റ് ഹാളിൽ നടന്ന യോഗത്തിൽ സി.ജി. ജനാർദ്ദനൻ സ്മാരക ട്രസ്റ്റ് ചെയർമാൻ സി.ജെ. ജനാർദ്ദനൻ അദ്ധ്യക്ഷനായി. സ്വാമികളെ യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ പൊന്നാടയണിയിച്ചു.
യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനുള്ള പുരസ്‌കാരം സ്വാമി വിശുദ്ധാനന്ദ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തുടർന്ന് സ്വാമികളെയും കെ.എ. ഉണ്ണിക്കൃഷ്ണനെയും പൊന്നാടയണിയിച്ചു. ഐ.എഫ്.എസ് പരീക്ഷയിൽ കേരത്തിൽ നിന്നും ഒന്നാം റാങ്ക് നേടിയ ശ്വേത കെ. സുഗതന് സ്വാമികൾ ഉപഹാരം നൽകി. ശിവഗിരി മഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സമിതി സെക്രട്ടറി സി.ജി. സുനിൽ കുമാർ ആമുഖ പ്രസംഗം നടത്തി. ചാലക്കുടി യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേശ് ബാബു, യോഗം കൗൺസിലർ ജയന്തൻ പുത്തൂർ, കെ.ആർ. ഗോപാലൻ, ചാലക്കുടി യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, എസ്.എൻ.ജി ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. ബാലൻ, വിവിധ യൂണിയൻ ഭാരവാഹികളായ ബ്രുഗുണൻ മനയ്ക്കലാത്ത്, ഇ.കെ സുധാകരൻ, പി.കെ. പ്രസന്നൻ, സന്തോഷ് ചെറാക്കുളം, ഡി. രാജേന്ദ്രൻ, പി.കെ. രവീന്ദ്രൻ, സി.ഡി. ശ്രീലാൽ, ടി.കെ. രവീന്ദ്രൻ, കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. സുരേഷ്, മുൻ നഗരസഭ ചെയർമാൻ വി.ഒ പൈലപ്പൻ, എ.കെ സുഗതൻ സംസാരിച്ചു. യോഗം ഡയറക്ടർ എം.കെ. സുനിൽ, ബോസ് കാമ്പളത്ത്, പി.എസ് രാധാകൃഷ്ണൻ, സി.ജി അനിൽകുമാർ, പി.ആർ മോഹനൻ, എം.വി സുരേഷ്, ടി.ഡി വേണു, വനിതാ സംഘം പ്രസിഡന്റ് മിനി സുഭാഷ്, സെക്രട്ടറി അജിതാ നാരായണൻ, ലതാ ബാലൻ, പി.സി മനോജ്, എ.കെ ഗംഗാധരൻ തുടങ്ങിയവർ നേതൃത്വം നൽകി.