തൃശൂർ : ഒരു കാലത്ത് നഗരത്തിന്റെ കുപ്പത്തൊട്ടിയായിരുന്ന ലാലൂർ വീണ്ടും വിവാദഭൂമിയാകുന്നു. ലാലൂരിൽ സ്പോർട്സ് കോംപ്ലക്‌സ് നിർമ്മിക്കാൻ കോർപറേഷൻ തകൃതിയായി മുന്നോട്ട് പോകുന്നതിനിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും രംഗത്ത് വന്നതോടെ ആശങ്കയേറുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന ചീഫ് സെക്രട്ടറി ടോംജോസ് ലാലൂർ സന്ദർശിച്ചതോടെയാണ് സംസ്‌കരണ പ്ലാന്റാണോ സ്‌പോർട്‌സ് കോംപ്ലക്‌സാണോ ലാലൂരിൽ വരുന്നതെന്ന സംശയം ബലപ്പെടുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് മാലിന്യ പ്ലാന്റിന്റെ രൂപരേഖയുമായി മുന്നോട്ട് പോകുന്നത്. ലാലൂരിലെത്തിയ ചീഫ് സെക്രട്ടറി പ്രദേശവാസികളുമായും പരിസ്ഥിതി പ്രവർത്തകരുമായും ചർച്ച നടത്തി. ജില്ലാ കളക്ടർ ടി.വി. അനുപമ, ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു. അതേ സമയം ചീഫ് സെക്രട്ടറിയുടെ സന്ദർശനം അവസാന നിമിഷമാണ് കോർപറേഷൻ അധികൃതർ അറിഞ്ഞത്.
സ്‌പോർട്സ് കോംപ്ലക്‌സ് 15 ഏക്കറിൽ
കോർപറേഷന്റെ ലാലൂരിലുള്ള സ്ഥലത്ത് 15 ഏക്കറിലാണ് സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അതേ സമയം ട്രഞ്ചിംഗ് ഗ്രൗണ്ട്, സ്‌പോർട്‌സ് സ്റ്റേഡിയം നിർമിക്കുന്നതിന് സർക്കാർ ഏറ്റെടുത്തിട്ടില്ല. മാലിന്യമലയും നീക്കം ചെയ്തിട്ടില്ല. ട്രഞ്ചിംഗ് ഗ്രൗണ്ട് എത്രയെന്ന് അളന്ന് തിട്ടപ്പെടുത്തുക പോലും ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. ലാലൂരിലെ 26 ഏക്കറിലാണ് ട്രഞ്ചിംഗ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. ബാക്കി ഭാഗത്ത് പൊതുശ്മശാനവും, വൈദ്യുതി ശ്മശാനവും റോഡും നിലനിൽക്കുന്നുണ്ട്. 2018-19 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ സ്‌പോർട്‌സ് സ്റ്റേഡിയത്തിനുള്ള സംഖ്യ വകയിരുത്തിയിരുന്നെങ്കിലും 2019 -20 വർഷത്തെ ബഡ്ജറ്റിൽ സംഖ്യ വകയിരുത്തിയിട്ടില്ല.
സ്‌പോർട്സ് കോംപ്ലക്‌സ്
പ്രവർത്തനോദ്ഘാടനം നാളെ
ലാലൂരിലെ സ്‌പോർട്സ് കോംപ്ലക്സ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം നാളെ മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. ജില്ലയിലെ മൂന്ന് മന്ത്രിമാരും പങ്കെടുക്കും.
ലാലൂരിൽ സ്പോർട്സ് കോംപ്ലക്‌സ് തന്നെ
കോർപറേഷൻ തീരുമാന പ്രകാരം ലാലൂരിൽ സ്പോർട്സ് കോംപ്ലക്‌സ് തന്നെയായിരിക്കും വരിക. മറിച്ചുള്ള പ്രചരണം തെറ്റാണ്. മാലിന്യ പ്ലാന്റ് ജില്ലയ്ക്കുള്ള പദ്ധതിയാണ്. ഇത് മറ്റൊരിടത്ത് സ്ഥാപിക്കാൻ വേണ്ട സഹായം കോർപറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും.
(അജിതാ വിജയൻ, മേയർ)
ജനങ്ങളെ വിഡ്ഢികളാക്കുന്നു
കോർപറേഷന്റെ സ്ഥലത്ത് കൗൺസിലിൽ ചർച്ച ചെയ്യാതെയും തീരുമാനമെടുക്കാതെയും എങ്ങനെയാണ് ജില്ലാ സ്റ്റേഡിയം പണിയുവാൻ കഴിയുകയെന്ന് വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന തറക്കല്ലിടൽ മാമാങ്കം ജനങ്ങളെ വിഡ്ഢികളാക്കാനാണ്. ലാലൂരിൽ മാലിന്യ സംസ്‌കരണ പ്ലാന്റും സ്‌പോർട്‌സ് കോംപ്ലക്‌സും ഒരു സ്ഥലത്ത് തന്നെയാണോ സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കണം
എം.കെ മുകുന്ദൻ, പ്രതിപക്ഷ നേതാവ്
ഉപനേതാവ് ജോൺ ഡാനിയൽ