gvr-minister
കരുവന്നൂർ കുടിവെള്ള പദ്ധതിയുടെ സമർപ്പണം ഗുരുവായൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ അഴുക്കുചാൽ മേയ് 15ന് കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഒന്നും, മൂന്നും മേഖലകളാണ് ആദ്യം കമ്മിഷൻ ചെയ്യുന്നത്. രണ്ടാമത്തെ മേഖല അടുത്ത വർഷം മാർച്ചിൽ കമ്മിഷൻ ചെയ്യും. ചാവക്കാട്, ഗുരുവായൂർ നഗരസഭകൾക്കായുള്ള കരുവന്നൂർ പുഴയിൽ നിന്നുള്ള കുടിവെള്ള പദ്ധതിയുടെ സമർപ്പണം നിർവഹിക്കുകയായിരുന്നു മന്ത്രി.

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തത് സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും പദ്ധതികൾ സമയത്തു തന്നെ പൂർത്തിയാകാൻ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ട്രേഡ് യൂണിയനുകളും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ മാത്രമാണ് പദ്ധതികൾ അനന്തമായി നീളുന്നതെന്നും ചൂണ്ടിക്കാട്ടി. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷനായി.

സി.എൻ. ജയദേവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കുടിവെള്ള പദ്ധതിയുടെ വിഹിതമായി നഗരസഭക്ക് നൽകാനുള്ള 78 ലക്ഷം രൂപയുടെ ചെക്ക് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ ചേർന്ന് നഗരസഭാദ്ധ്യക്ഷ വി.എസ്. രേവതിക്ക് നൽകി. ചാവക്കാട് നഗരസഭാദ്ധ്യക്ഷൻ എൻ.കെ. അക്ബർ, വൈസ് ചെയർമാൻ കെ.പി. വിനോദ്, നഗരസഭാ മുൻ അദ്ധ്യക്ഷരായ എം. കൃഷ്ണദാസ്, ടി.ടി. ശിവദാസൻ, പി.എസ്. ജയൻ, പ്രൊഫ. പി.കെ. ശാന്തകുമാരി, നഗരസഭാ പ്രതിപക്ഷ നേതാവ് എ.പി. ബാബു, കൗൺസിലർ ശോഭ ഹരിനാരായണൻ, സി. സുമേഷ്, ചീഫ് എൻജിനിയർ പി. ഗിരീശൻ എന്നിവർ സംസാരിച്ചു.