ചാവക്കാട്: നഗരസഭയിൽ 2019- 20 വർഷത്തേക്ക് നടപ്പിലാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി 8.89 കോടി രൂപയുടെ ലേബർ ബഡ്ജറ്റ് നഗരസഭാ കൗൺസിൽ അംഗീകരിച്ചു. മുട്ടിൽ പാടശേഖരം ആഴം കൂട്ടി സംരക്ഷിക്കുക, മത്തിക്കായലിന്റെ തീരങ്ങളിൽ കയർ ഭൂവസ്ത്രം വിരിച്ചു സംരക്ഷിക്കൽ, പുത്തൻ കടപ്പുറത്ത് ജൈവഗ്രാമ നിർമ്മാണം, ഭവന നിർമ്മാണത്തിനായി ഇഷ്ടിക നിർമ്മാണം, നീർച്ചാലുകളും പൊതുകുളവും സംരക്ഷിക്കൽ, ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മഴക്കുഴി, കിണർ നിർമ്മാണം, മാലിന്യ ശേഖരണവും സംസ്‌കരണവും, തരിശുഭൂമി കൃഷിക്ക് അനുയോജ്യമാക്കൽ, കനോലി കനാലിന്റെ തീരങ്ങളിൽ മുളവച്ച് സൗന്ദര്യവത്കരണം, സ്വകാര്യ വ്യക്തികളുടെ ഭൂമി പാട്ടത്തിന് ഏറ്റെടുത്ത് കൃഷി തുടങ്ങിയവയാണ് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നത്. നഗരസഭയിൽ നടപ്പിലാക്കുന്ന അഗതിരഹിത കേരളം (ആശ്രയ പദ്ധതി) പദ്ധതിയുടെ 51,00,494 രൂപയുടെ ഡി.പി.ആർ അംഗീകരിച്ചു. ഖരമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി തുമ്പൂർ മുഴി മോഡൽ പ്ലാന്റ് നഗരസഭാ പരിധിയിലെ ആറ് പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് ഐ.ആർ.ടി.സി. എന്ന അംഗീകൃത ഏജൻസിയെ ചുമതലപ്പടുത്താൻ തീരുമാനിച്ചു. നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ യോഗത്തിൽ അദ്ധ്യക്ഷനായി. വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിൽ അംഗങ്ങൾ, നഗരസഭാ സെക്രട്ടറി ടി.എൻ. സിനി തുടങ്ങിയവർ സംസാരിച്ചു.