ചെറുതുരുത്തി: വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ തങ്കലിപികളാൽ എഴുതിച്ചേർക്കേണ്ട വേറിട്ടൊരു യാത്രഅയപ്പാണ് കഴിഞ്ഞ ദിവസം ദേശമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയത്. സാക്ഷിയാകാൻ ഒഴുകിയെത്തിയത് ജനപ്രതിനിധികളടങ്ങുന്ന വലിയൊരു സമൂഹവും. സ്വന്തമായി ഭവനമില്ലാത്ത ദേശമംഗലം കാളപ്പടിയിലെ ആറ്റുപുറത്ത് നബീസയുടെ വീട് നിർമ്മാണത്തിനാവശ്യമായ മുഴുവൻ കട്ടയും എത്തിച്ചു കൊടുത്തത് വിദ്യാർത്ഥികളായിരുന്നു. ധനസമാഹരണം നടത്തിയതാകട്ടെ യാത്രഅയപ്പിന് സ്വരൂപിച്ച തുക വെട്ടിക്കുറച്ചുണ്ടാക്കിയതും. നബീസയുടെ കുടുംബത്തോടൊപ്പമായിരുന്നു വിദ്യാർത്ഥികളടക്കമുള്ള മുഴുവൻ അതിഥികളുടെയും ഭക്ഷണം. വിദ്യാർത്ഥികളുടെ വലിയ മനസ്സിനും കാരുണ്യത്തിനും സാക്ഷിയാകാൻ യു.ആർ. പ്രദീപ് എം.എൽ.എയും ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ പി.പി. പ്രകാശും എത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. മഞ്ജുള, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാനവാസ്, കെ.എസ്. ദിലീപ്, മുഹമ്മദ് കുട്ടി മാസ്റ്റർ, സഹകരണ ബാങ്ക് പ്രസിഡന്റ് സക്കീർ ഹുസൈൻ, പി.ടി.എ പ്രസിഡന്റ് പ്രഭാകരൻ, സഹ ഭാരവാഹികൾ, എം.പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളെ അകകണ്ണ് തുറപ്പിച്ച് ശരിയായ മാർഗനിർദ്ദേശങ്ങൾ നൽകി നേരിന്റെ പാതയിലേക്ക് നയിക്കാൻ മുഴുവൻ സമയവും പ്രവർത്തന നിരതനായ അദ്ധ്യാപകൻ ഡോ. ശിവപ്രസാദ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചു.