വടക്കാഞ്ചേരി: സംസ്ഥാന വൈദ്യുതി ബോർഡിൽ തസ്തികകൾ ഇല്ലാതാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വടക്കാഞ്ചേരി ഡിവിഷൻ സമ്മേളനം. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ തൊഴിലിനായി കാത്തുനിൽക്കുമ്പോഴും ജീവനക്കാർ അമിതജോലിഭാരം ചുമക്കേണ്ടി വരികയാണ്. 30,000 ത്തോളം ഉപഭോക്താക്കളുള്ള സെക്‌ഷൻ ഓഫീസുകൾ പോലും വിഭജിക്കാതെ ജീവനക്കാരെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന മാനേജ്മെന്റ് സമീപനം തിരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ചലച്ചിത്ര താരവും ഗായികയുമായ രശ്മി സതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി കേരളവർമ്മ പൊതുവായനശാലാ ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഡിവിഷൻ പ്രസിഡന്റ് കെ.എ. ഓസേപ്പ് അദ്ധ്യക്ഷനായി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജയിംസ് റാഫേൽ, സംസ്ഥാന ഓർഗനെെസിംഗ് സെക്രട്ടറി കെ.എൻ. രാമൻ, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി.വി. പൗലോസ്, ജില്ലാ സെക്രട്ടറി ആന്റോ വർഗീസ്, പ്രസിഡന്റ് സി.എ. ജോളി, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് വി.ജെ. ബെന്നി തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തോട്ടശ്ശേരി സ്വാഗതവും ഇ. ഹിതേഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.എ. ഔസേപ്പ് (പ്രസിഡന്റ്), ഉണ്ണിക്കൃഷ്ണൻ തോട്ടാശ്ശേരി (സെക്രട്ടറി), ബിനു മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.