ചാലക്കുടി: മലക്കപ്പാറ പൊലീസ് സ്റ്റേഷന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബി.ഡി. ദേവസ്സി എം.എൽ.എ നിർവഹിച്ചു. തൃശൂർ റൂറൽ എസ്.പി: കെ.പി. വിജയകുമാർ അദ്ധ്യക്ഷനായി. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം സി.ജി. സിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, നഗരസഭാ കൗൺസിലർ വി.ജെ. ജോജി, ഡിവൈ.എസ്.പി: കെ. ലാൽജി, എസ്.ഐ: കെ.എസ്. ഷംസീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കറുപ്പ സ്വാമി, ചന്ദ്രിക ഷിബു, സരസ്വതി വിജയൻ തുടങ്ങിയവർ സംസാരിച്ചു. 1.45 കോടി രൂപ ചെലവിൽ 20 സെന്റ് സ്ഥലത്ത് ഇരുനില കെട്ടിടമാണ് പൊലീസ് സ്റ്റേഷനായി ഒരുക്കുന്നത്. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. കാലപ്പഴക്കത്തെ തുടർന്ന് നിലവിലുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടം ജീർണ്ണാവസ്ഥയിലായിരുന്നു.