പെരിങ്ങോട്ടുകര: ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ ഉത്സവം ഭക്തിനിർഭരമായി. ദേശക്കൂട്ടായ്മയിലാണ് ഉത്സവം ആഘോഷിച്ചത്. കൂട്ടി എഴുന്നള്ളിപ്പിൽ താന്ന്യം ദേശത്തിന്റെ ചിറയ്ക്കൽ കാളിദാസൻ തിടമ്പേറ്റി. കാക്കനാട്ട് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ 200ൽപരം മേളകലാകാരന്മാർ അണിനിരന്ന പാണ്ടിമേളം കൊഴുപ്പേകി.
ഉത്സവത്തിലും തുടർന്ന് നടന്ന വെടിക്കെട്ടിലും പങ്കെടുക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വടക്കുംമുറി, കിഴക്കുംമുറി, ചാഴൂർ-കുറുമ്പിലാവ്, ആലപ്പാട്, പുള്ള്-പുറത്തൂർ, താന്ന്യം, കിഴുപ്പിള്ളിക്കര, മൂത്തേടത്തറ എന്നീ ഏഴു ദേശക്കമ്മിറ്റികളും സെൻട്രൽ കമ്മിറ്റിയുമാണ് ഉത്സവത്തിന് നേതൃത്വം നല്കിയത്. ഇന്ന് പുലർച്ചെ നടക്കുന്ന കൂട്ടി എഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളമൊരുക്കും. രാവിലെ നടക്കുന്ന ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. തുടർന്ന് പ്രസാദ കഞ്ഞിവിതരണം നടക്കും.