തൃശൂർ: പെരിയ ഇരട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചു. വിവരം അറിയിച്ച ആളിൽ നിന്നോ സംഭവ സ്ഥലത്തെ വീട്ടുകാരിൽ നിന്നോ മൊഴിയെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. തെളിവുകൾ പലതും പൊലീസ് നശിപ്പിച്ചു. സി.ബി.ഐ അന്വേഷണത്തിനായുള്ള നിയമ നടപടികൾ കോൺഗ്രസ് ആരംഭിക്കും. കേസിലെ ഉന്നതതല ഗൂഢാലോചനയും കണ്ണൂർ ബന്ധവും അന്വേഷിക്കണം.
കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാൻ മാർച്ച് രണ്ടിന് 42 കേന്ദ്രങ്ങളിൽ ഫണ്ടുപിരിവ് സംഘടിപ്പിക്കും. ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടവർ പരോളിലിറങ്ങി ഉല്ലാസയാത്ര നടത്തുകയാണ്. മുഹമ്മദ് ഷാഫിയുടെ മൂന്നുദിവസത്തെ പരോളാണ് 45 ദിവസമായി നീട്ടിയത്.
എൻ.എസ്.എസിനെ ഭീഷണിപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണന്റെ നടപടി അപലപനീയമാണ്. ക്രിസ്ത്യൻ പള്ളികളുടെ സ്വത്തുക്കൾ നിയന്ത്രിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ചർച്ച് ബിൽ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, ജോസഫ് ചാലിശേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.