മാള: പ്രളയം തകർത്ത അഷ്ടമിച്ചിറ ജലസേചന പദ്ധതി പ്രവർത്തനക്ഷമമായെങ്കിലും മുന്നോട്ടുപോകാൻ കെ.എസ്.ഇ.ബി.യെ നാട്ടുകാർ സഹായിക്കേണ്ട അവസ്ഥയിലാണ്. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വൈദ്യുതി താൽക്കാലിക കണക്‌ഷൻ നൽകിയാണ് പദ്ധതി പ്രവർത്തിപ്പിക്കുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കലും ജലസേചന സൗകര്യം ഒരിക്കലും മുടങ്ങാതിരിക്കാൻ വേണ്ടിയും വി.ആർ. സുനിൽകുമാർ എം.എൽ.എ ഇടപെട്ടാണ് താൽക്കാലിക വൈദ്യുതി കണക്‌ഷൻ ഉറപ്പാക്കിയത്.
പ്രളയത്തിൽ മോട്ടോർ ഷെഡ് അടക്കം മുങ്ങിയാണ് ട്രാൻസ്‌ഫോർമർ അടക്കമുള്ളവ പ്രവർത്തനരഹിതമായത്. ഇപ്പോൾ തകരാറിലായ ട്രാൻസ്‌ഫോർമറും മീറ്ററും മാറ്റാൻ വേണ്ടി നാട്ടുകാർ പണപ്പിരിവ് നടത്തുകയാണ്. കെ.എസ്.ഇ.ബിക്ക് അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ കരാർ കൊടുക്കാനേ കഴിയൂവെന്ന അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ പമ്പിംഗ് മുടങ്ങാതിരിക്കാൻ ട്രാൻസ്ഫോർമറും മീറ്ററും ഇല്ലാതെ നേരിട്ടാണ് വൈദ്യുതി നൽകിയിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതി തിട്ടപ്പെടുത്താനും സൗകര്യം ഇല്ല. നാട്ടുകാർ സമാഹരിക്കുന്ന തുക, കെ.എസ്.ഇ.ബി പദ്ധതിയിൽ ലഭിക്കുമ്പോൾ തിരികെ നൽകാമെന്ന ഉറപ്പിലാണ് നടപ്പാക്കുന്നത്. ഒന്നേകാൽ ലക്ഷം രൂപ മുടക്കിയാൽ ട്രാൻസ്ഫോർമറും മീറ്ററും സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതൊന്നും ഇല്ലാതെ താൽക്കാലികാടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ 30 ദിവസത്തേക്കായിരുന്നു വൈദ്യുതി കണക്‌ഷൻ നൽകിയിരുന്നത്. തുടർന്ന് കണക്‌ഷൻ വിച്ഛേദിക്കുമെന്ന ഘട്ടത്തിലാണ് എം.എൽ.എ ഇടപെട്ട് പ്രശ്നം പരിഹരിച്ചത്. നൂറ് കുതിരശക്തിയുടെ രണ്ട് മോട്ടോറുകളാണ് ഈ പദ്ധതിയിൽ സ്ഥാപിച്ചിരിക്കുന്നത്. ചാലക്കുടിപ്പുഴയിലെ സമ്പാളൂരിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടോർ പമ്പ് ചെയ്ത് കനാൽ വഴിയാണ് പുളിയിലക്കുന്നിലേക്ക് വെള്ളമെത്തിക്കുന്നത്. ഇവിടെയുള്ള മോട്ടോർ പ്രവർത്തിപ്പിച്ചാണ് പുത്തൻചിറ, മാള പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്നത്. പുത്തൻചിറ, മണിയംകാവ്, മാരേക്കാട്, അഷ്ടമിച്ചിറ, പുല്ലൻകുളങ്ങര, അമ്പഴക്കാട്, പുളിയിലക്കുന്ന് എന്നീ പ്രദേശങ്ങളിലേക്കാണ് അഷ്ടമിച്ചിറ പദ്ധതിയിൽ നിന്ന് വെള്ളമെത്തിക്കുന്നത്. ഈ മേഖലയിലെ കാർഷിക ആവശ്യങ്ങൾക്ക് മാത്രമല്ല കുടിവെള്ള ക്ഷാമം പരിഹരിക്കാനും ഈ പദ്ധതി മാത്രമാണ് ആശ്രയമായുള്ളത്. അതുകൊണ്ടുതന്നെയാണ് കെ.എസ്.ഇ.ബിയുടെ കരാർ പദ്ധതിക്ക് വേണ്ടി കാത്തുനിൽക്കാതെ നാട്ടുകാർ രംഗത്തിറങ്ങിയിട്ടുള്ളത്.
..............................................
പ്രളയത്തിൽ മോട്ടോർ ഷെഡ് അടക്കം മുങ്ങിയാണ് ട്രാൻസ്‌ഫോർമർ അടക്കമുള്ളവ പ്രവർത്തനരഹിതമായത്. തകരാറിലായ ട്രാൻസ്‌ഫോർമറും മീറ്ററും മാറ്റാൻ വേണ്ടി നാട്ടുകാർ പണപ്പിരിവ് നടത്തുകയാണ്. പമ്പിംഗ് മുടങ്ങാതിരിക്കാൻ ട്രാൻസ്ഫോർമറും മീറ്ററും ഇല്ലാതെ നേരിട്ടാണ് വൈദ്യുതി നൽകിയിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതി തിട്ടപ്പെടുത്താനും സൗകര്യം ഇല്ല.