ചാലക്കുടി: കൃഷിക്കും സേവന മേഖലയ്ക്കും മുൻതൂക്കം നൽകുന്ന ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ 2019- 20 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല അവതരിപ്പിച്ചു. 22,54,76,867 രൂപ വരവും 21,93,21,126 കോടി രൂപ ചെലവും 61,55,741 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

കാർഷിക മേഖയിലെ വിവിധ പദ്ധതികൾക്കായി 1.47 കോടി രൂപയാണ് നീക്കിവച്ചത്. ലൈഫ്, പി.എം.എ.വൈ പദ്ധതികൾക്ക് 1.15 കോടി, പട്ടിക ജാതി, വർഗ, ഗോത്ര സമൂഹങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് 1.48 കോടി രൂപ ബഡ്ജറ്റിൽ ഉങപ്പെടുത്തിയിട്ടുണ്ട്. ഐ.ടി, ചെറുകിട വ്യവസായ പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് 21 ലക്ഷം, പ്രബല പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് 54 ലക്ഷം, വനിതാ ക്ഷേമത്തിന് 26.80 ലക്ഷം രൂപ എന്നിങ്ങനെയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്റ് കെ.കെ. ഷീജു അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ഡി. തോമസ്, ലീല സുബ്രഹ്മണ്യൻ, കെ.എ. ഗ്രേസി, അംഗങ്ങളായ പി.എ. സാബു, പുഷ്പി വിൽസൺ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.