നന്തിക്കര: സേവന മേഖലയ്ക്ക് ഊന്നൽ നൽകി പറപ്പൂക്കര പഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പി.ഡി. നെൽസൺ അവതരിപ്പിച്ചു. 20.85 കോടി രൂപ വരവും, 19.58 കോടി രൂപ ചെലവും,1.27 കോടി രൂപ മിച്ചവും വരുന്ന ബഡ്ജറ്റിൽ ലൈഫ് ഭവന പദ്ധതിക്കായി 71 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് കാർത്തിക ജയൻ അദ്ധ്യക്ഷയായിരുന്നു.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പദ്ധതികൾക്കായി 22.4 ലക്ഷം രൂപയും വയോജന ക്ഷേമപദ്ധതികൾക്കായി 14.5 ലക്ഷം രൂപയും ശുചിത്വം മാലിന്യസംസ്‌കരണത്തിനായി 12.5 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അഗതിരഹിത കേരളം, പാലിയേറ്റീവ് പരിചരണം എന്നിവയ്ക്കായി 12ലക്ഷം രൂപയും അംഗൻവാടികളിലൂടെ അനുപൂരക പോഷകാഹാരം നൽകുന്നതിന് 19 ലക്ഷം രൂപയും അംഗൻവാടികളുടെ അറ്റകുറ്റപ്പണികൾക്ക് 8.5 ലക്ഷം രൂപയും പഞ്ചായത്ത് ഓഫീസും കോൺഫറൻസ് ഹാളും നവീകരണത്തിനായി 12 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.