പുതുക്കാട്: സഹകരണ വകുപ്പ് മുഖേന നടപ്പാക്കുന്ന കെയർ ഹോം ഭവന പദ്ധതി അനുസരിച്ച് വട്ടണാത്ര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ സമർപ്പണം വ്യാഴാഴ്ച നടത്തുമെന്ന് ബാങ്ക് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അളഗപ്പനഗർ പഞ്ചായത്തിലെ വെണ്ടൊരിൽ ആറ്റപ്പി ഗോപിക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം വൈകിട്ട് അഞ്ചിന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.എം. ചന്ദ്രൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് കെ.എം. ചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ വി.ആർ. രാജൻ, എ.ആർ. ബിജു എന്നിവർ പങ്കെടുത്തു.