chettuva-mini-harbour

ചേറ്റുവയിൽ മിനി ഹാർബറിന്റെ ഉദ്ഘാടനം മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ നിർവഹിക്കുന്നു.

വാടാനപ്പള്ളി: ഹാർബറുകൾക്ക് ഒരു പൈസ പോലും നൽകേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാടെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ ആരോപിച്ചു. മത്സ്യത്തൊഴിലാളികൾക്കും കേന്ദ്ര സഹായമില്ല. ചേറ്റുവയിൽ 30.24 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച മിനി ഹാർബർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മുമ്പ് ഹാർബറിന് 80 ശതമാനമായിരുന്നു കേന്ദ്ര വിഹിതം. പിന്നെ അത് 60 ശതമാനമാക്കി കുറച്ചു. ഇപ്പോൾ ഒരു പൈസ പോലും നൽകുന്നില്ല. 78 കോടി സംസ്ഥാനത്തിന് തരാനുണ്ട്. സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയില്ലെന്ന് പറഞ്ഞ് അവ അനുവദിച്ചില്ല. അതെല്ലാം കൊടുത്തപ്പോൾ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കേന്ദ്രം ഒഴിഞ്ഞുമാറുകയാണെന്നും മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. ആഴക്കടൽ മത്സ്യ ബന്ധനത്തിനു ഒരു പൈസയും നൽകുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങാനും ഭവന നിർമ്മാണത്തിനുമായി സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയാണ് നൽകുന്നത്.

അതേസമയം തമിഴ്നാട്ടിൽ കേന്ദ്ര ഭരണ കക്ഷി പുതിയ ബാന്ധവത്തിനു തയ്യാറായതോടെ അവിടേയ്ക്ക് 200 കോടി കേന്ദ്രം നൽകുകയുണ്ടായി. കേരളം 401 കോടി ആവശ്യപ്പെട്ടിട്ട് ഒന്നും അനുവദിക്കാതിരിക്കെയാണ് ഈ വിവേചനം. സംസ്ഥാനം ഹാർബറിനു കൂടുതൽ തുക നൽകുകയാണ്. ചേറ്റുവ ഹാർബറിനു നേരത്തെ അനുവദിച്ചതിനു പുറമെ തീര സംരക്ഷണം ഉൾപ്പെടുത്തി ആറു കോടി കൂടി അനുവദിച്ചു. 149 കൂടിയാണ് ഈ മേഖലയിൽ അനുവദിക്കുന്നത്. അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാൻ കരുത്തുള്ളവരാണ് മത്സ്യ തൊഴിലാളികളെന്നും ആ കഴിവ് ഉപയോഗപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഹാർബറുകളിൽ ജില്ലാ കളക്ടർ ചെയർമാനും എക്സി.എൻജിനിയർ കൺവീനറുമായി മാനേജ്മെൻറ് സൊസൈറ്റികൾ രൂപീകരിക്കുമെന്നും മെഴ്സിക്കുട്ടി അമ്മ പറഞ്ഞു.

കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.എൻ. ജയദേവൻ എം.പി വിശിഷ്ടാതിഥിയായി. ഹാർബർ എൻജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയർ പി.കെ അനിൽകുമാർ, തളിക്കുളം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.എം.ആർ. സുഭാഷിണി, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉദയ് തോട്ടപ്പുള്ളി, മഞ്ജുള അരുണൻ, സി.ബി. ഭാരതി, പി.എൻ. ജ്യോതിലാൽ, എം.എ. ഹാരിസ്ബാബു, ഐ.കെ. വിഷ്ണുദാസ്, കെ.വി. അശോകൻ, ജോമോൻ കെ‌.ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.