മാള: സമാനതകളില്ലാത്ത തിരിച്ചടികൾ ഉണ്ടായിട്ടും സമസ്ത മേഖലകളിലും വൻ വികസന പ്രവർത്തനങ്ങൾ നടത്താൻ ആയിരം ദിനങ്ങളിൽ സാധിച്ചുവെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാനത്തുടനീളം കോടിക്കണക്കിനു രൂപയുടെ വികസന പദ്ധതികളാണ് ഇനിയും നടപ്പിലാകാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. അന്നമനട പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച എട്ട് ഹാർബർ റോഡുകളുടെ സംയുക്ത ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തെ അതിജീവിക്കാൻ കേരള ജനത ഒന്നിച്ചു നിന്ന് നടത്തിയ പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാണ്. നവ കേരള സൃഷ്ടിക്കായി സർക്കാർ ആവിഷ്‌ക്കരിച്ച റീ ബിൽഡ് കേരള നമ്മുടെ നാടിന് പുതിയ മുഖം നൽകുംമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി. ആർ. സുനിൽ കുമാർ എം.എൽ.എ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി പൗലോസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിത ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര ദിവാകരൻ, എം.എസ്. വിജു എന്നിവർ സംസാരിച്ചു.