പ്രഖ്യാപനങ്ങൾ തട്ടിപ്പെന്ന് കോൺഗ്രസ്
അമൃതം പദ്ധതിയെ അവഗണിച്ചെന്ന് ബി.ജെ.പി

തൃശൂർ: കോർപറേഷൻ ബഡ്ജറ്റ് സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ വിരസമായ ചർച്ച. വിശദാംശങ്ങളിലേക്ക് കടക്കാതെ പലരും പേരിന് മാത്രം ചർച്ച നടത്തുകയായിരുന്നു. വീടുകളുടെ വസ്തു നികുതി കുറയുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം തട്ടിപ്പെന്നു പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ കുറ്റപ്പെടുത്തി. വികസന പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ ചെലവ് കുറച്ചു കാണിക്കുന്നുവെന്നും മുകുന്ദൻ പറഞ്ഞു.

റോഡ്, മാലിന്യസംസ്‌കരണം തുടങ്ങിയവയ്ക്ക് പ്രാധാന്യമില്ല. ഭൂരിഭാഗം വരുന്ന ഇടത്തരക്കാർക്ക് കെട്ടിട നികുതി പുനഃക്രമീകരണ പ്രഖ്യാപനം കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. മാത്രമല്ല ഇത് വഴി എത്ര വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ബഡ്ജറ്റ് പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. വൻകിട കെട്ടിടങ്ങൾക്ക് നികുതി വർദ്ധന ഉണ്ടാക്കുന്നതിനോടൊപ്പം ഇടത്തരക്കാർക്കും ബഡ്ജറ്റിലൂടെ നികുതി കൂടുമെന്ന് ഉപനേതാവ്‌ ജോൺ ഡാനിയൽ പറഞ്ഞു.

നഗരവികസനത്തിൽ ഏറെ നിർണ്ണായക ഘടകമായ അമൃതം പദ്ധതിയെ കുറിച്ച് ബഡ്ജറ്റിൽ പരാമർശം നടത്താതിരുന്ന കോർപറേഷൻ നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.എസ്. സമ്പൂർണ്ണ അഭിപ്രായപ്പെട്ടു. നഗരത്തിന്റെ അടിസ്ഥാന വികസനത്തിന് 270 കോടി രൂപയാണ് കേന്ദ്രസർക്കാർ അമൃതം പദ്ധതിയിലൂടെ അനുവദിച്ചത്.

കുടിവെള്ള പദ്ധതി, നെഹ്‌റു പാർക്ക് നവീകരണം, സബ് വേ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് കേന്ദ്രസർക്കാരിലൂടെ നടപ്പിലാക്കി വരുന്നത്. ഇതെല്ലാം തങ്ങളുടേതാക്കി മാറ്റുന്നത് തരംതാണ രാഷ്ട്രീയമാണ്. നഗരവാസികളും ഇവിടെ എത്തുന്ന മറ്റുള്ളവരും ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും സമ്പൂർണ്ണ പറഞ്ഞു. റവന്യൂ മിച്ചം കുറയുന്ന ബഡ്ജറ്റാണ് ഡെപ്യൂട്ടി മേയർ അവതരിപ്പിച്ചതെന്നും ഇതിൽ വരവ് പെരുപ്പിച്ചു കാണിക്കുന്നുവെന്നും എ. പ്രസാദ് ചൂണ്ടിക്കാട്ടി. റിയലയൻസ് ഉൾപ്പെടെയുള്ളവർ ഒരു രൂപപോലും അടക്കാതെയാണ്‌ റോഡ് കട്ടിംഗ് നടത്തി മുന്നോട്ട്‌ പോകുന്നത്. ബഡ്ജറ്റ് ഭാവനാപൂർണമാണെന്ന് പറഞ്ഞ് സി.പി.എമ്മിലെ അനൂപ് കരിപ്പാലാണ് ചർച്ച തുടങ്ങിയത്. പിന്നീട് വിശദ ചർച്ചകൾക്ക് ശേഷം ബഡ്ജറ്റ് പാസാക്കി...