പാവറട്ടി: സാമൂഹിക സേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കൊണ്ട് എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് സംസ്ഥാനത്തിന് മാതൃകയാകുന്നു. ദത്തുഗ്രാമത്തിലെ ആലംബഹീനരായവർക്ക് പ്രതിമാസം സുകൃതം എന്ന പേരിൽ പെൻഷൻ നൽകും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഈവിധം ഒരു പദ്ധതി നടപ്പാക്കുന്നത്.

എൻ.എസ്.എസ് യൂണിറ്റ് പച്ചക്കറിക്കൃഷി, ഫുഡ് ഫെസ്റ്റ്, കുട നിർമ്മാണം, നോട്ട് ബുക്ക് നിർമ്മാണം, പുസ്തക വിൽപ്പന എന്നിവയിലൂടെയാണ് പെൻഷൻ നൽകുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നത്. പ്രതിമാസം 500 രൂപയാണ് പെൻഷനായി നൽകുക. പടവുകൾ എന്ന പദ്ധതി പ്രകാരം എളവള്ളി പഞ്ചായത്തിലെ തൊഴിൽ അന്വേഷകർക്ക് പി.എസ്.സി ഒറ്റത്തവണ രജിസ്‌ട്രേഷൻ യജ്ഞം ആരംഭിച്ചു. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പി.എസ്.സി പരീക്ഷാ പരിശീലനവും നൽകും.
സുഭിക്ഷം പദ്ധതിയുടെ കീഴിൽ സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറിക്കൃഷി വിജയകരമായി നടത്തിവരുന്നുണ്ട്. സുകൃതം പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അദ്ധ്യക്ഷയായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിജി ടീച്ചർ ആമുഖ പ്രഭാഷണം ചെയ്തു. പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷന്റെ സ്വിച്ച് ഓൺ കർമ്മം എം.എൽ.എ നിർവ്വഹിച്ചു. സുഭിക്ഷം പദ്ധതിയിലെ മരച്ചീനി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ ജെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളായ ടി.ഡി. സുനിൽ, ടി.ആർ. ലീല, ആലീസ് പോൾ, ടി.സി. മോഹനൻ, പി.ടി.എ പ്രസിഡന്റ് ഉഷ അജി, എസ്.എം.സി ചെയർമാൻ സിദ്ദിക്ക്, വെൽഫയർ കമ്മിറ്റി ചെയർമാൻ ബാജി കുറുമ്പൂർ, സാംസ്‌കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, അദ്ധ്യാപകരായ ടി.കെ. മനോജ്, ബാബു ബി. നായർ എന്നിവർ സംസാരിച്ചു. എസ്.കെ. രജനി ടീച്ചർ സ്വാഗതവും വളണ്ടിയർ ലീഡർ പി.ആർ. ആദിത്യൻ നന്ദിയും പറഞ്ഞു.