gvr-nss
മന്നത്തു പത്മനാഭന്റെ 49ാമത് സമാധി ദിനത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണം.

ഗുരുവായൂർ: ഗുരുവായൂരിൽ മന്നം കവാടം നിർമ്മിക്കണമെന്ന് എൻ.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയൻ. നഗരസഭ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ സ്മാരകമായി വേദിയും കവാടങ്ങളും നിർമ്മിച്ചപ്പോൾ നവോത്ഥാന നായകനും സത്യഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റും സത്യഗ്രഹ പ്രചാരകമ്മിറ്റിയുടെ അദ്ധ്യക്ഷനും ആയിരുന്ന മന്നത്തു പത്മനാഭനെ വിസ്മരിച്ചതിൽ ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രതിഷേധിച്ചു.

മന്നത്തിന്റെ സ്മരണ നിലനിറുത്തുന്നതിനായി മന്നം കവാടം കൂടി നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മന്നത്തു പത്മനാഭന്റെ 49-ാം സമാധി ദിനം യൂണിയനിലെ 50 കരയോഗങ്ങളിലും സമുചിതമായി ആചരിച്ചു. പുഷ്പാർച്ചന, പ്രാർത്ഥന, ഭജന, പ്രതിജ്ഞയെടുക്കൽ എന്നിവയോടുകൂടിയായിരുന്നു സമാധി ദിനാചരണം. താലൂക്ക് യൂണിയൻ ഹാളിൽ നടന്ന സമാധി ദിനാചരണത്തിൽ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, കരയോഗം വനിതാസമാജം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ. രാജശേഖരൻ നായർ ആചാര്യമണ്ഡപത്തിൽ ഭദ്രദീപം തെളിച്ചു. വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ, യൂണിയൻ സെക്രട്ടറി കെ. മുരളീധരൻ, പി.വി. സുധാകരൻ, സോമശേഖരൻ പെരിങ്ങാട്, ടി. പ്രഭാകരൻ മാസ്റ്റർ, അച്യുതൻകുട്ടി നായർ, സി.പി. നായർ, സി. കോമളവല്ലി, ജ്യോതി രവീന്ദ്രനാഥ്, ബിന്ദു നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.