പാവറട്ടി : പ്രളയം തകർത്ത മുല്ലശ്ശേരി ബ്ലോക്കിൽ സമ്പൂർണ്ണ ഭവന നിർമ്മാണത്തിന് മുൻഗണന നൽകി 2019- 20 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. 29.82 കോടി വരവും 29.27 കോടി രൂപ ചെലവും 55.08 ലക്ഷം രൂപ മിച്ചവും പ്രതിക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് വി.കെ. രവീന്ദ്രൻ അവതരിപ്പിച്ചത്. ഭവന നിർമ്മാണ ധനസഹായത്തിനായി 6.42 കോടി രൂപയാണ് വകയിരുത്തിയത്.

അംഗൻവാടി ശിശു സംരക്ഷണം, ഭിന്നശേഷി ഉന്നമനം, വൃദ്ധ വികലാംഗ പരിപാലനം എന്നീ മേഖലകൾക്ക് 29.38 ലക്ഷം,
നെൽക്കൃഷിയുടെ പ്രാരംഭ ചെലവിനും ക്ഷീര കാർഷിക മേഖലയ്ക്കും ഉൾപ്പെടെ 44.65 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. വ്യവസായ എസ്റ്റേറ്റിൽ വനിതാ സ്റ്റാർട്ടപ്പിനായി 21.39 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 40 ലക്ഷം, വിദേശത്ത് തൊഴിൽ തേടുന്ന എസ്.സി വിഭാഗത്തിന് 10 ലക്ഷം എന്നിങ്ങനെയാണ് വകകൊള്ളിച്ചത്.

പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് വി.കെ. രവീന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷനായി. തുടർന്ന് നടന്ന ചർച്ചയിൽ ബി.ആർ. സന്തോഷ്, ജിഷ പ്രമോദ്, മേരി പ്രിൻസ്, ബിജു കുരിയാക്കോട്ട്, സെക്രട്ടറി എം. അബദുൾ സലാം എന്നിവർ സംസാരിച്ചു.