കൊടുങ്ങല്ലൂർ: ജില്ലയിൽ 36 കോടി രൂപയുടെ 11 പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കുമെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. അഴീക്കോട് ആയുർവേദ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. തീരദേശമേഖലയിലെ സ്കൂളുകൾ, മാർക്കറ്റ്, തീരമേഖല സംരക്ഷണം എന്നിവ ഉൾപ്പെടുത്തിയായിരിക്കും പദ്ധതിയെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും പദ്ധതിപ്രകാരം സംസ്ഥാന സർക്കാർ ഗ്രീൻ ബുക്കിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആശുപത്രി കെട്ടിടം 83 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചിരിക്കുന്നത്. ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയും വകയിരുത്തി. ഫിസിയോ തെറാപ്പി റൂം, ലാബ്, ശുചിമുറി, നഴ്സിംഗ് റൂം, ശുചിമുറി, വെയ്റ്റിംഗ് റൂം എന്നിങ്ങനെ രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സി.ഐ.ഡി.സി റീജണൽ മാനേജർ ആർ. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. എറിയാട് പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, ഐ.എസ്.എം ഡി.എം. ഒ ഡോ. എസ് ഷിബു, ആയുഷ് ‌‍ഡി.പി. എം ഡോ. എൻ.വി ശ്രീവത്സൻ, മെഡിക്കൽ ഓഫീസർ ഡോ. മിഥു. കെ. തമ്പി തുടങ്ങിയവർ പങ്കെടുത്തു.