ഗുരുവായൂർ: ആറാട്ടിന് ആനകളെഴുന്നള്ളിയപ്പോൾ ആയിരങ്ങൾ ഹർഷാരവത്തോടെ ഭഗവാനെ വരവേറ്റു. പിന്നെ തുരുതുരാ ഭക്തജന പ്രവാഹം. നിശബ്ദതയിൽ നിന്നായിരുന്നു ആറാട്ടുദിനത്തിലെ ഉത്സവക്കാഴ്ചകളുടെ തുടക്കം. പുലരുമ്പോൾ നാഴിക മണിപോലും നിശ്ചലം. പള്ളിവേട്ടയ്ക്ക് ശേഷം ക്ഷീണിതനായ ഉണ്ണിക്കണ്ണന്റെ ഉറക്കത്തിന് തടസ്സമില്ലാതിരിക്കാൻ തലേന്നാൾ തന്നെ നാഴിക മണി വലിച്ചുകെട്ടി. നാലമ്പലത്തിനകത്ത് ഭഗവാനു കാവലിരിക്കുന്നവർ വരെ നിശബ്ദതയിലായി. രാവിലെ അഞ്ചോടെ പശുക്കിടാവിന്റെ കരച്ചിൽ കേട്ട് കണ്ണൻ പള്ളിക്കുറുപ്പുണർന്നു. പിന്നെ ക്ഷേത്രനഗരി ആഘോഷത്തിരക്കിലേക്ക്.


വൈകിട്ട് നാലരയോടെ ആറാട്ട് എഴുന്നള്ളിപ്പ് ചടങ്ങുകൾക്ക് ആരംഭമായി. നടതുറന്ന് മൂലവിഗ്രഹത്തിലുള്ള ചൈതന്യം ആവാഹിച്ചെടുത്ത് പഞ്ചലോഹത്തിടമ്പ് പുറത്ത് സ്വർണ്ണപ്പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ച് വച്ചു. ശ്രീലകത്ത് മൂലവിഗ്രഹത്തിന് സമീപം വയ്ക്കുന്ന പഞ്ചലോഹതിടമ്പ് ആറാട്ടുദിവസം മാത്രമാണ് പുറത്തേക്കെഴുന്നള്ളിക്കുക. കൊടിമരത്തറയ്ക്കൽ സ്വർണ്ണപ്പഴുക്കാമണ്ഡപത്തിൽ പഞ്ചലോഹതിടമ്പ് എഴുന്നള്ളിച്ച് വച്ചശേഷം ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ശ്യാമൻ നമ്പൂതിരി ദീപാരാധന നടത്തി. കൊടിമരച്ചുവട്ടിലെ ദീപാരാധന ദർശിക്കാനായി വൻതിരക്കാണ് അനുഭവപ്പെട്ടത്.


ദീപാരാധനയ്ക്കുശേഷം ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിനുമായി ഭഗവാന്റെ പഞ്ചലോഹത്തിടമ്പ് സ്വർണ്ണക്കോലത്തിൽ പുറത്തേക്കെഴുന്നള്ളിച്ചു. ദേവസ്വം ആനത്തറവാട്ടിലെ കാരണവർ പത്മനാഭൻ സ്വർണ്ണക്കോലമേന്തി. പരയ്ക്കാട് തങ്കപ്പൻ മാരാർ, ചെർപ്പുളശ്ശേരി ശിവൻ, തിച്ചൂർ മോഹനൻ, പല്ലശ്ശന സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് വാദ്യകലാകാരൻമാർ അണിനിരന്ന പഞ്ചവാദ്യം അകമ്പടിസേവിച്ചു. വാളും പരിചയുമേന്തിയ കൃഷ്ണനാട്ടം കലാകാരൻമാർ, കൊടി, തഴ, സൂര്യമറ, നാഗസ്വരം, ഭജന എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളുന്ന ഭഗവാനെ ശർക്കര, പഴം അവിൽ, മലർ എന്നിവകൊണ്ട് നിറപറയും, നിലവിളക്കും വച്ച് വഴിനീളെ ഭക്തജനങ്ങൾ എതിരേറ്റു.

രുദ്രതീർത്ഥക്കുളത്തിന് വടക്കുഭാഗത്ത് എഴുന്നള്ളിപ്പെത്തിയപ്പോൾ പഞ്ചവാദ്യം അവസാനിച്ച ശേഷം കണ്ടിയൂർ പട്ടത്ത് നമ്പീശൻ സങ്കടനിവൃത്തി ചടങ്ങ് നിർവഹിച്ചു. പിന്നീട് മേളത്തോടെയാണ് ഗുരുവായൂരപ്പന്റെ എഴുന്നള്ളത്ത് മുന്നോട്ട് നീങ്ങിയത്. ഭക്തജനങ്ങളുടെ എതിരേൽപ്പുകൾ സ്വീകരിച്ചുകൊണ്ടുള്ള പ്രദക്ഷിണം പൂർത്തിയാക്കി ഭഗവതീ ക്ഷേത്രത്തിലൂടെ എഴുന്നള്ളിപ്പ് ആറാട്ട് കടവിലെത്തി. തുടർന്ന് പുണ്യതീർത്ഥങ്ങളായ ഗംഗയും, യമുനയും അടക്കമുള്ള എല്ലാ തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേക്ക് ആവാഹിക്കുന്നതിനായി ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ പൂജ നടന്നു.

തന്ത്രിയും ഓതിക്കൻമാരും കൂടി പുണ്യാഹത്തിനുശേഷം പഞ്ചലോഹത്തിടമ്പിൽ മഞ്ഞൾപ്പൊടി അഭിഷേകം ചെയ്തു. തുടർന്ന് വലിയ കുട്ടകത്തിൽ തയ്യാറാക്കിയ ഇളനീർകൊണ്ട് ഭഗവാന് അഭിഷേകം നടത്തി. അതിനുശേഷം തന്ത്രി, മേൽശാന്തി, ഓതിക്കൻമാർ എന്നിവർ ഒരുമിച്ച് ഭഗവാനോടൊപ്പം രുദ്രതീർത്ഥത്തിൽ ഇറങ്ങി സ്‌നാനം ചെയ്തതോടെ കാത്തുനിന്ന പതിനായിരങ്ങളും സ്‌നാനം നടത്തി. പുണ്യതീർത്ഥങ്ങളുടെ സാന്നിദ്ധ്യമുള്ള രുദ്രതീർത്ഥത്തിൽ സ്‌നാനം നടത്തി മോക്ഷപ്രാപ്തി നേടുന്നതിനായി പതിനായിരങ്ങളാണ് ഇന്നലെ ഗുരുപവനപുരിയിലെത്തിയത്.


ആറാട്ട് ചടങ്ങിനു ശേഷം ഇടത്തരികത്തുകാവിൽ ഭഗവതിക്ഷേത്രത്തിലെ വാതിൽമാടത്തിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചിരുത്തി ഉച്ചപൂജ നടത്തി. തുടർന്ന് ഭഗവാന്റെ തിടമ്പ് കൊടിയിറക്കൽ ചടങ്ങുകൾക്കായി ആനപ്പുറത്ത് എഴുന്നള്ളിച്ചു. ആറാട്ട് കഴിഞ്ഞ് ആനപ്പുറത്ത് ക്ഷേത്രത്തിലെത്തുന്ന ഗുരുവായൂരപ്പനെ ക്ഷേത്രം ഊരാളൻ നിറപ്പറ വച്ച് സ്വീകരിച്ചു. 11 ഓട്ടപ്രദക്ഷിണം പൂർത്തിയാക്കിയശേഷം ക്ഷേത്രത്തിലെത്തിയ പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ കണ്ഠങ്ങളിൽ നിന്നും നാമജപമന്ത്രങ്ങളുയർന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രി സ്വർണ്ണധ്വജത്തിലെ സപ്തവർണ്ണക്കൊടി ഇറക്കി. ഇതോടെ പത്ത് ദിവസം നീണ്ട ക്ഷേത്രോത്സവത്തിന് സമാപനമായി.