വടക്കാഞ്ചേരി: ആയിരങ്ങളുടെ ആവേശാഹ്ലാദ ആരവനിറവിൽ ഉത്രാളിക്കാവിലമ്മയുടെ തട്ടകത്ത് പൂരം പെയ്തിറങ്ങി. സമ്പന്നമായ ആനച്ചന്തവും വിസ്മയം തീർത്ത കുടമാറ്റവും വെടിക്കെട്ടിന്റെ സുന്ദരനിമിഷങ്ങളും ഒരുമിച്ച അലങ്കാരപ്പൊലിമയുടെ വർണ്ണച്ചാർത്തിൽ അലിഞ്ഞുചേരാൻ ഉത്സവപ്രേമികൾ ഒഴുകിയെത്തി. 12 മണിയോടെ തന്നെ നഗരത്തിന്റെ മുഴുവൻ കൈവഴികളും ജനങ്ങളെ കൊണ്ട് നിറഞ്ഞു.
കുമരനെല്ലൂരിന്റെ ഗജഘോഷയാത്ര 12 മണിയോടെ ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. രാജാവിന്റെ പൂരമെന്ന വിശേഷണമുള്ള വടക്കാഞ്ചേരി ദേശം പൂരം എഴുന്നെള്ളിപ്പ് തോക്കേന്തിയ ഭടന്മാരുടെ അകമ്പടിയോടെ കരുമരക്കാട് ശിക്ഷേത്രത്തിൽ നിന്നും എഴുന്നെള്ളിപ്പ് തുടങ്ങി. എല്ലാവിധ ആടയാഭരണങ്ങളോടും കൂടി ഗജവീരന്മാരെ ദേശത്തു നിന്നു തന്നെ എഴുന്നെള്ളിക്കുന്നതും വടക്കാഞ്ചേരി ദേശമാണ്. മൂന്ന് ദേശങ്ങളുടെയും ഗജവീരന്മാരും വാദ്യക്കാരും ക്ഷേത്ര പരിസരത്തെത്തിയതോടെ അഞ്ചിന് കൂട്ടിയെഴുന്നെള്ളിപ്പ് ആരംഭിച്ചു. ഇതോടെ അഴകൊത്ത വർണ്ണക്കുടകൾ മാറി മാറി ഉയർന്നതോടെ ജനം ആരവമുയർത്താൻ തുടങ്ങി.
കേരളത്തിലെ പ്രഗൽഭരായ വാദ്യകുലപതികൾ തീർത്ത ഇന്ദ്രജാല പ്രകടനത്തോടെയാണ് കൂട്ടിയെഴുന്നെള്ളിപ്പും കുടമാറ്റവും നടന്നത്. ഹരിജൻ വേലകളും പൂതൻ, തിറ, നാടൻ കലാരൂപങ്ങൾ എന്നിവയും ഭഗവതിയുടെ തിരുനടയിൽ ആടിത്തിമർത്തു. രാത്രി എട്ടോടെയാണ് പകൽ പൂരത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്. ഊഴമനുസരിച്ച് എങ്കക്കാട് ദേശത്തിനായിരുന്നു പകൽ പൂരത്തിന്റെ വെടിക്കെട്ടിനുള്ള ഊഴം. പുലർച്ചെ പൂരം ആവർത്തനം, കുമരനെല്ലൂർ ദേശത്തിന്റെ വെടിക്കെട്ട് എന്നിവയ്ക്കു ശേഷം രാവിലെ എട്ടോടെ നടക്കുന്ന പൊങ്ങലിടി കൂടി പൂർത്തിയാകുന്നതോടെയാണ് പൂരച്ചടങ്ങുകൾക്ക് സമാപനമാവുക.