തൃശൂർ: യു.ഡി.എഫ് തറക്കല്ലിടുന്നത് പോലെയല്ല തങ്ങൾ ഒരു പദ്ധതിക്ക് തറക്കല്ലിടുന്നതെന്ന് മന്ത്രി ഇ.പി. ജയരാജൻ. ലാലൂരിൽ ഐ.എം. വിജയന്റെ പേരിലുള്ള സ്‌പോർട്‌സ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. യു.ഡി.എഫ് കല്ലിട്ട പലതിന്റെയും അവസ്ഥ എന്താണെന്ന് അറിയാം. എൽ.ഡി.എഫ് സർക്കാർ ഒരു പദ്ധതി മുന്നോട്ട് വച്ചാൽ അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുണ്ട്. ഒരു സ്ഥലത്ത് കിളികളെ കൊണ്ടുവന്നു തടയാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ അവിടെ കിളികളും പറവകളും ഇല്ല. കായിക രംഗത്ത് സമഗ്ര വികസനമാണ് ലക്ഷ്യം. അതിനുവേണ്ട എല്ലാ സൗകര്യങ്ങളും സർക്കാർ ചെയ്യും. ഈ വർഷം തന്നെ എല്ലാ ജില്ലകളിലും ഇൻഡോർ സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തികരിക്കും. അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽക്കുളമാകും ലാലൂരിൽ നിർമ്മിക്കുകയെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. മന്ത്രി വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷനായി. മന്ത്രി സി. രവീന്ദ്രനാഥ് സ്‌പോർട്‌സ് കോംപ്ലക്സിന്റെ ലേഔട്ട് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ഐ.എം. വിജയനെ ആദരിച്ചു. മേയർ അജിത ജയരാജൻ, കെ. രാജൻ എം.എൽ.എ, വർഗീസ് കണ്ടംകുളത്തി എന്നിവർ സംസാരിച്ചു.